തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. താഴ്‌ന്ന പ്രദേശങ്ങൾ പലതും വെളളത്തിനടിയിലാണ്. എറണാകുളം ജില്ലയിലെ പ്ലസ് ടു തലം വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നഴ്സറി ക്ലാസുകള്‍, അംഗന്‍വാടികള്‍, സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയില്ല.

സ്കൂളുകളുടെ പകരം പ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിക്കും. കോളേജുകളില്‍ പകരം പ്രവൃത്തിദിനം സംബന്ധിച്ച് മാനേജ്മെന്‍റുകള്‍ക്ക് തീരുമാനമെടുക്കാനും കളക്ടര്‍ അനുമതി നല്‍കി.അംഗന്‍വാടികളിലെ ജീവനക്കാര്‍ക്കും അവധിയായിരിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എം.ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

റെയിൽ-റോഡ് ഗതാഗതത്തെയും മഴ ബാധിച്ചു. പലയിടത്തും റോഡിൽ വെളളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതം സ്‌തംഭിച്ചു. മധ്യകേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഓട്ടോമറ്റിക് സിഗ്നൽ സംവിധാനം താറുമാറായെന്ന് റെയിൽവേ അറിയിച്ചു. ട്രാക്കിൽ വെളളം കയറിയതോടെയാണ് സിഗ്നൽ സംവിധാനം തകരാറിലായത്. ട്രെയിനുകൾ പലതും വൈകിയോടുകയാണ്. കുട്ടനാട്ടിൽ മട വീഴ്‌ചയെത്തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. കൊല്ലത്ത് കടലാക്രമണം രൂക്ഷമായി.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 10 പേരാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പളളി മണിമലയാറിൽ വീണ് മധ്യവയസ്കൻ മരിച്ചു. ചെറുവളളി സ്വദേശി ശിവൻകുട്ടിയാണ് മരിച്ചത്. കണ്ണൂർ കരിയാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് വൃദ്ധ മരിച്ചു. പാർത്തുംവലിയത്ത് നാണിയാണ് മരിച്ചത്. മലപ്പുറം ചങ്ങരംകുളം കാഞിയൂരിൽ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു. കിഴിഞ്ഞാലിൽ അബ്ദുൽ റഹീമിന്റെ മകൻ അദ്‌നാൻ ആണ് മരിച്ചത്. വയനാട് മുപ്പത്തെട്ടാം മൈലിൽ തോട്ടിൽ വീണ് ഏഴു വയസുകാരൻ മരിച്ചു. കോതമംഗലം മണികണ്ഠൻ ചാലിൽ ചികിൽസ വൈകി ഒരാൾ മരിച്ചു. കൊല്ലത്തും കോട്ടയത്തുമായി നാലുപേർ മരിച്ചു.

കോട്ടയത്ത് പൂഞ്ഞാറിലും കൂട്ടിക്കലിലും ഉരുൾ പൊട്ടലുണ്ടായി. ആളപായമില്ല. മീനച്ചിലാർ കരകവിഞ്ഞു ഒഴുകയാണ്. മലയോര മേഖലകളും താഴ്‌ന്ന പ്രദേശങ്ങളും വെളളത്തിനടിയിലാണ്. പാല, ഈരാറ്റുപേട്ട പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. പാലായിൽനിന്നും കെഎസ്ആർടി ബസ് സർവ്വീസുകൾ നിർത്തിവച്ചു. ജില്ലയിൽ പലയിടത്തും ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.

ആലപ്പുഴയിൽ പലയിടത്തും വെളളം കയറി. കുട്ടനാട്ടിൽ മടവീഴ്‌ചയെത്തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. ആലപ്പുഴ വഴിയുളള പല തീവണ്ടികളും വൈകുന്നുണ്ട്. എറണാകുളത്ത് എംജി റോഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെളളം കയറി.

Live Updates:

5.18 pm: കൊല്ലത്തും പത്തനംതിട്ടയിലും മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളിൽ വെളളം കയറി. ഇരു ജില്ലകളിലുമായി 22 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

5.05 pm: ഇടുക്കി ജില്ലയിലെ നിരവധി ഇടങ്ങളിൽ ഉരുൾ പൊട്ടി. കീരിക്കരയിൽ ഉരുൾ പൊട്ടലിൽ സെന്റ് ആന്റണീസ് പളളി പൂർണമായും തകർന്നു

4.45 pm: എറണാകുളം നഗരത്തിൽ പലയിടത്തും വെളളക്കെട്ടാണ്. എംജി റോഡിൽ വെളളക്കെട്ട് രൂക്ഷമാണ്

3.45 pm: ആലപ്പുഴയിൽ അബുദാബിയിൽ നിന്നുളള ബാർജ് കരയ്ക്കടിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് വണ്ടാനം മാധവമുക്ക് കടപ്പുറത്ത് ആണ് എത്തിയത്.

3.01 pm: 20-ാം തീയതി വരെ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

2.30 pm: മൂവാറ്റുപുഴയിൽ ഏഴു ക്യാംപുകളിലായി 59 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

2.30 pm: കണയന്നൂർ താലൂക്കിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. വാഴക്കാല വില്ലേജിൽ സെന്റ് മേരീസ് തുതിയൂർ സ്കൂളിൽ ക്യാംപ് തുടങ്ങി. 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.മട്ടാഞ്ചേരി പനയപ്പളളി സർക്കാർ സ്കൂൾ, പളളുരുത്തിയിൽ കോർപ്പറേഷൻ ടൗൺഹാൾ, പുതുവൈപ്പിൽ ഗവ.യുപി സ്കൂൾ എന്നിവിടങ്ങളിൽ ക്യാംപുകൾ പ്രവർത്തിക്കുന്നു.

2.15 pm: മൂവാറ്റുപുഴയിൽ ടൗൺ യുപി സ്കൂൾ, തിരുമാറാടിയിൽ എൻഎസ്എസ് ഓഡിറ്റോറിയം, കടാതിയിൽ എൻഎസ്എസ് ഓഡിറ്റോറിയം, തൃക്കാരിയൂരിൽ ഗവ. എൽപിഎസ്, കടവൂരിൽ പ്രാഥമികാരോഗ്യകേന്ദ്രം, കോതമംഗലത്ത് ടൗൺ യുപി സ്കൂൾ, എറണാകുളത്ത് സിസിപിഎൽഎം ആഗ്ലോ ഇന്ത്യൻ സ്കൂൾ, കടവന്ത്ര കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ ക്യാംപുകൾ

1.45 pm: ചെല്ലാനത്ത് സെന്റ് മേരീസ് എൽപി സ്കൂൾ, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, വെപ്പിനിൽ എളങ്കുന്നപ്പുഴ സെന്റ് പീറ്റേഴ്സ് എൽപി സ്കൂൾ,

1.30 pm: പളളുരുത്തിയിലെ കോർപ്പറേഷൻ ടൗൺഹാളിൽ 32 കുടുംബങ്ങളിലെ 65 പേരെ മാറ്റിപ്പാർപ്പിച്ചു

12.55 pm: കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യത

12.45 pm: ചെല്ലാനത്ത് കടൽക്ഷോഭം. കടലിനോട് ചേർന്നുളള വീടുകളിൽ വെളളം കയറി

12.35 pm: പെരിയാറും മീനച്ചിലാറും കര കവിഞ്ഞൊഴുകുന്നു

12.25 pm: കൊച്ചിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് 23 സെന്റിമീറ്റർ മഴ

12.20 pm: വ്യാഴാഴ്ച വരെ കനത്ത മഴ തുടരും. കടൽക്ഷോഭത്തിനും സാധ്യത.

12.15 pm: എറണാകുളം, വൈക്കം, ആലപ്പുഴ, ചേർത്തല റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.

12.10 pm: കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്

12.05 pm: ആലുവ മണപ്പുറവും മണപ്പുറത്തേക്കുളള പാലവും വെളളത്തിനടിയിലാണ്

12.02 pm: പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷമാണ്.

11.55 am: ബംഗാൾ ഉൾക്കടലിൽ ഒറീസ്സ തീരത്ത് രൂപംകൊണ്ട ന്യൂനമർദ്ദം വ്യാഴാഴ്ച വരെ തുടരും

11.47 am: കോട്ടയം-എറണാകുളം റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു. മുളന്തുരുത്തിയിൽ ട്രാക്കിൽ വീണ മരം മുറിച്ചു മാറ്റി

11.45 am: എറണാകുളം വഴിയുളള എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

11.42 am: അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെങ്കിലും 20-ാം തീയതിയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

11.40 am: വ്യാഴാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

11.35 am: എറണാകുളത്ത് സൗത്ത് റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളിൽ വെളളം കയറി. എംജി റോഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെളളം കയറി. ഇതോടെ ബസ് സർവീസ് തടസ്സപ്പെട്ടു.

11.32 am: മധ്യകേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഓട്ടോമറ്റിക് സിഗ്നൽ സംവിധാനം താറുമാറായെന്ന് റെയിൽവേ. ട്രാക്കിൽ വെളളം കയറിയതോടെയാണ് സിഗ്നൽ സംവിധാനം തകരാറിലായത്.

11.30 am: എറണാകുളം-നിലമ്പൂർ പാസഞ്ചർ റദ്ദാക്കി. എറാണകുളം -കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു. മുളന്തുരുത്തിയിൽ ട്രാക്കിൽ മരം വീണു

11.29 am: കനത്ത മഴയെത്തുടർന്ന് സാഹചര്യങ്ങൾ വിലയിരുത്താൻ സർക്കാർ ഉന്നതതലയോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.

11.28 am: എംജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു

11.27 am: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 130 അടിയോട് അടുക്കുന്നു

11.26 am: കൊല്ലത്ത് കനത്ത മഴ തുടരുന്നു. കൊറ്റക്കര വില്ലേജിലെ 11 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

11.25 am: കോട്ടയത്ത് പാലായിൽനിന്ന് മൂന്ന് റൂട്ടുകളിലേക്കുളള ബസ് സർവീസ് നിർത്തിവച്ചു. ഈരാറ്റുപേട്ട, പൊൻകുന്നം, കോട്ടയം റൂട്ടുകളിലേക്കുളള സർവീസാണ് നിർത്തിയത്

11.24 am: ശക്തമായ മഴയിൽ പഴയ മൂന്നാറിൽ വെളളം കയറി. ശക്തമായ നീരൊരുക്കിൽ മുതിരപ്പുഴ കര കവിഞ്ഞു

11.23 am: പത്തനംതിട്ടയിൽ 54 വീടുകൾ ഭാഗികമായി തകർന്നു. 20 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

11.22 am: കുട്ടനാട്ടിലെ ഗതാഗതം പൂർണമായി സ്തംഭിച്ച അവസ്ഥയിൽ

11.21 am: ഇടുക്കി ആനവിലാസത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

11.20 am: കുമളി ചോറ്റുപാറയിലും ദേശീയപാതയ്ക്ക് അടുത്ത് മണ്ണിടിഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.