പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമായതോടെ പമ്പ ഡാം തുറക്കാൻ പത്തനംതിട്ട ജില്ല കലക്ടർ പി.ബി നൂഹ് ഉത്തരവിട്ടു. 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു.

നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത് പിന്നീട് വലിയ അളവിൽ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനായാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു.

പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റർ ഉയരും.

Read More: Kerala Rains Floods Weather Live Updates: പമ്പയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം; നദിയിലെ ജലനിരപ്പ് ഉയരുന്നു

പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

സെക്കൻഡിൽ 82 ക്യുബിക് മീറ്റർ പുറത്തേക്ക് ഒഴുകും. ഡാമിന്റെ 6 ഷട്ടറുകൾ 60 സെന്റി മീറ്റർ ഉയർത്തും. പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. 5 മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തും. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെത്തോങ്കര ജംക്‌ഷനിൽ നിലവിൽ വെള്ളമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ അവശേഷിക്കുന്ന സാധനങ്ങൾ കൂടി മാറ്റാൻ തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.