കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒഴിഞ്ഞിട്ടില്ല. പ്രസ്തുത സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു (ഓഗസ്റ്റ് 10, ബുധന്‍) പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് ജില്ലാ ഭരണകൂടങ്ങള്‍ അവധി നല്‍കിയത്.
ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയം, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പടെയുളള എല്ലാ സ്കൂളുകൾക്കും കൂടാതെ മരിയാപുരം ഗ്രാമപഞ്ചായത്തിലെ വിമല ഹൈസ്കൂൾ, വിമലഗിരി സെന്റ് മേരീസ് ഹൈസ്കൂൾ/ ഹയർ സെക്കന്ററി സ്കൂൾ, മരിയാപുരം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കും.
കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, റസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
പത്തനംതിട്ട ജില്ലയില്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.