പാണ്ടനാട്: പ്രളയത്തിൽപ്പെട്ട് മരിച്ച ഭർത്താവിന്റെ മൃതദേഹം ഒഴുകി പോകാതിരിക്കാൻ ഭാര്യ വീട്ടിൽ കെട്ടിയിട്ട് രണ്ടു ദിവസം കാവലിരുന്നു. രണ്ടു ദിവസം ഭക്ഷണമോ വെളളമോ കുടിക്കാതെയാണ് ഭർത്താവിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത്. മരണം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് മൃതദേഹം പുറത്തെടുത്തതും വീട്ടിലുണ്ടായിരുന്ന രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തിയതും. ചെങ്ങന്നൂരിലെ പാണ്ടനാട് ആണ് സംഭവം.

ശക്തമായ പ്രളയത്തിൽ പാണ്ടനാട് പാരിഷ് ഹാളിനടുത്തുളള എബ്രഹാമിന്റെ വീടും വെളളത്തിലായി. പ്രളയമുണ്ടായതോടെ വീടിനു അടുത്ത് താമസിക്കുന്ന എബ്രഹാമിന്റെ സഹോദരന്റെ ഭാര്യയും പ്രാണരക്ഷാർത്ഥം ഇവിടേക്ക് എത്തി. ഇതിനിടയിൽ വെളളക്കെട്ടിലേക്ക് ഇറങ്ങിയ എബ്രഹാം തലയിടിച്ച് വെളളത്തിൽ വീണ് മരിച്ചു. ഭാര്യ സഹായത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയിൽ വീടിനകത്തേക്ക് വെളളം കയറാൻ തുടങ്ങി. മൃതദേഹം ഒഴുകി പോകാതിരിക്കാൻ ഭാര്യയും ബന്ധുവായ സ്ത്രീയും ചേർന്ന് കെട്ടിയിട്ടു. ഇരുവരും രണ്ടാമത്തെ നിലയിൽ അഭയം തേടി. രണ്ടു ദിവസം കഴിഞ്ഞ് രക്ഷാപ്രവർത്തകർ എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിഞ്ഞത്. രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുക്കുകയും രണ്ടു സ്ത്രീകളെയും വീട്ടിൽനിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.