തിരുവനന്തപുരം: പ്രളയദുരന്തത്തിൽ പെട്ടുഴലുന്ന കേരളത്തിന് കൈത്താങ്ങായി വിവിധ മേഖലകളിൽ നിന്നും സഹായം. ചെറിയ പിന്തുണ മുതൽ കോടികൾ വിലമതിക്കുന്ന സഹായ വാഗ്‌ദാനങ്ങൾ വരെയാണ് കേരളത്തിന് ലഭിക്കുന്നത്. യു എ ഇ ധനസഹായത്തിന് തയ്യാറായെങ്കിലും കേന്ദ്ര സർക്കാർ അത് സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ കേരളത്തിന് വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സഹായത്തെ മാത്രം ആശ്രയിക്കേണ്ടതായി വന്നു. ഒരു മാസത്തെ ശമ്പളം പത്ത് മാസം കൊണ്ട് നൽകാനുളള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയോടും അനുകൂല പ്രതികരണമാണ് വ്യാപകമായി ഉണ്ടായിട്ടുളളത്. ഇതിന് പുറമെയാണ് പ്രവാസികളടക്കമുളളവർ കേരളത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുളളത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നല്‍കുന്ന ആദ്യഘട്ട സഹായം ഇന്നെത്തും. നവകേരളം കെട്ടിപ്പെടുക്കുന്നതിനായി 50 കോടി രൂപയാണ് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് നല്‍കുന്നത്. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ 12 കോടി രൂപ വിലമതിക്കുന്ന 100 ടണ്‍ അവശ്യവസ്തുക്കള്‍ അബുദാബിയില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത ബോയിംഗ് 777 വിമാനത്തിലാണ് സംസ്ഥാനത്ത് എത്തുക.

പ്രളയം വിതച്ച ദുരന്തത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരങ്ങള്‍ക്കുള്ള മരുന്നുകള്‍, വസ്ത്രങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമായുള്ള ഡയപ്പര്‍, സ്ത്രീകള്‍ക്കുള്ള സാനിറ്ററി പാഡ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ അടങ്ങിയ 100 ടണ്‍ അവശ്യ വസ്തുക്കളാണ് തിരുവനന്തപുരത്ത് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ഇവ ഏറ്റുവാങ്ങും.

അതിനിടെ, പ്രളയബാധിതമായ കേരളത്തിലെ 30 ഗ്രാമങ്ങള്‍ ഏറ്റെടുക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നാശം വിതച്ച പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും, പ്രളയത്തില്‍ തകര്‍ന്ന ആരോഗ്യ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. പ്രളയത്തില്‍ തകര്‍ന്ന വിദ്യാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും പ്രദേശത്തെ ജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ആയിരിക്കും നടപടിക്രമങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

എച്ച്ഡിഎഫ്സി ബാങ്ക് അധികൃതർ മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ

ഇത് കൂടാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് 10 കോടി രൂപ സംഭാവന ആയി നല്‍കി. ബാങ്ക് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സംഭാവനയും ചേര്‍ത്താണ് പത്തു കോടി രൂപ നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിലെ കസ്റ്റമേഴ്‌സില്‍നിന്ന് ഓഗസ്റ്റ് മാസത്തിലെ ലോണ്‍ ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റ് എന്നിവയ്ക്ക് ലേറ്റ് പെയ്‌മെന്റ് ഫീ ഈടാക്കേണ്ടതില്ലെന്നും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

അപ്പോളോ ടയേഴ്സ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന

അപ്പോളോ ടയേഴ്സ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നൽകി. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒ.എസ്. കൻവാർ മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.