തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ അനധികൃതമായി കടക്കുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. പൂഴ്‌ത്തി വയ്പും അമിത വില ഈടാക്കലും പിടികൂടാനായി ക്രൈംബ്രാഞ്ചിനെ നിയോഗിച്ചു. ഓപ്പറേഷൻ ജലരക്ഷയുടെ ഭാഗമായി നിർധന കുടുംബങ്ങളെ ദത്തെടുക്കുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചില ക്യാമ്പുകളിൽ സാമൂഹ്യവിരുദ്ധർ കടന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് സുരക്ഷ ശക്തമാക്കുന്നത്. ക്യാമ്പുകളിൽ പ്രവേശിക്കണമെങ്കിൽ പൊലീസ് കൂടി ഉൾപ്പെട്ട ക്യാമ്പ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. എല്ലാ ക്യാമ്പിലും ഒരു പൊലീസ് ഓഫിസർ, ഒരു വനിത പൊലീസ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ഡിവൈഎസ്‌പിമാരോടും എസ്‌പിമാരോടും എസ്എച്ച്ഒമാരോടും ദിവസവും 10 തവണയെങ്കിലും ക്യാമ്പ് സന്ദർശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.

ഒറ്റപ്പെട്ട വീടുകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവർ ഉണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. ഓരോ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ എല്ലാ വീടുകളിലും പരിശോധന നടത്തും. വീടുകൾ വൃത്തിയാക്കാൻ പൊലീസും രംഗത്തിറങ്ങും. നിർധന കുടുംബങ്ങളെ ദത്തെടുക്കാനും പൊലീസ് തീരുമാനിച്ചതായി ഡിജിപി പറഞ്ഞു.

പ്രളയത്തിൽ അകപ്പെട്ടവരെക്കുറിച്ചുളള വിവരങ്ങൾ ആരാഞ്ഞ് വിദേശത്തുനിന്നും നിരവധി ഫോൺകോളുകൾ എത്തുന്നുണ്ട്. അവർക്കെല്ലാം കൃത്യമായ വിവരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിലായി ഒൻപതു ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. വെളളം ഇറങ്ങുന്നതിന് അനുസരിച്ച് ജനങ്ങൾ ക്യാമ്പുകൾ വിടുന്നുണ്ട്. ക്യാമ്പുകളിൽനിന്നും മടങ്ങിയവർ വീടുകൾ വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ്. ഇവരെ സഹായിക്കാനായി സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ