തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തത്തിന് കാരണം അണക്കെട്ടുകൾ കൂട്ടത്തോടെ തുറന്നുവിട്ടതല്ലെന്ന് കേന്ദ്ര ജല കമ്മിഷൻ ചെയർമാൻ സുഭാഷ് ചന്ദ്ര. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് പ്രളയത്തിനിടയാക്കിയത്. ഡാമുകൾ തുറന്നുവിടുന്നത് ജലനിരപ്പ് ഉയരാൻ കാരണമാവില്ലെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഡാമിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്കാണ്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഡാമുകൾ പ്രവർത്തിക്കുന്നത്. തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ അണക്കെട്ടുകൾ വളരെ പെട്ടെന്നാണ് നിറഞ്ഞത്. അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ടാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയം മനുഷ്യ സൃഷ്ടിയാണെന്നും ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ടതാണ് പ്രളയത്തിനിടയാക്കിയതെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സാഹചര്യം കൃത്യമായി വിലയിരുത്താതെയാണ് ഡാമുകൾ തുറന്നുവിട്ടതെന്നും കൃത്യമായ മുന്നറിയിപ്പോടെയല്ല ഡാമുകൾ തുറന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഈ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് കേന്ദ്ര ജല കമ്മിഷൻ ചെയർമാന്റെ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.