തിരുവനന്തപുരം: ഡാമുകൾ തുറന്നുവിട്ടതിലെ പാളിച്ചയാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാഹചര്യം കൃത്യമായി വിലയിരുത്താതെയാണ് ഡാമുകൾ തുറന്നുവിട്ടത്. കൃത്യമായ മുന്നറിയിപ്പോടെയല്ല ഡാമുകൾ തുറന്നത്. കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ചു. ജനങ്ങളെ മാറ്റാനുളള മുൻകരുതലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജൂലൈ പകുതി കഴിഞ്ഞപ്പോൾ തന്നെ ഇടുക്കിയിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നു. മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതെല്ലാം കെഎസ്ഇബിയും സർക്കാരും അവഗണിച്ചു. ഇടുക്കി അണക്കെട്ട് പരമാവധി സംഭരണശേഷിയിലെത്തിയിട്ടും ഡാം തുറന്നില്ല. ഇടുക്കിയിൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് സർക്കാരിന് ലഭിച്ചു. മഴ കനക്കുമെന്നും മുല്ലപ്പെരിയാർ നിറഞ്ഞ് അവിടെനിന്നുളള വെളളം ഇടുക്കിയിലെത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ലഭിച്ചു. എന്നിട്ടും സർക്കാരും വൈദ്യുതി ബോർഡും ഒരു നടപടിയും സ്വീകരിച്ചില്ല. ലാഭക്കൊതിന്മാരായ വൈദ്യുതി ബോർഡ് ഈ കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്.

വൈദ്യുതി മന്ത്രി എം.എം.മണി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയായാൽ ട്രയൽ റൺ നടത്തുമെന്ന് ജൂലൈ 27 ന് പറഞ്ഞു. എന്നാൽ മന്ത്രിയുടെ അഭിപ്രായത്തെ എതിർത്ത് ജലവിഭവ വകുപ്പ് മന്ത്രി രംഗത്തുവന്നു. രണ്ടു വകുപ്പ് മന്ത്രിമാർ തമ്മിലുളള അഭിപ്രായ വ്യത്യാസം അണക്കെട്ട് തുറക്കുന്നത് വൈകിപ്പിച്ചു. ജലനിരപ്പ് 2400 അടി ആകുന്നതുവരെ കാത്തിരിന്നു. ഓഗസ്റ്റ് 9 ന് 2398.98 അടിയാപ്പോൾ മാത്രമാണ് ഒരു ഷട്ടർ 50 സെന്റിമീറ്റർ തുറക്കാനുളള അനുവാദം സർക്കാർ കൊടുത്തത്. അന്നു വൈകിട്ട് തന്നെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഓഗസ്റ്റ് 30 ന് 5 ഷട്ടറുകളും തുറക്കേണ്ടി വന്നു. പ്രളയത്തിന്റെ മുഖ്യ കാരണം ഇതാണ്.

സർക്കാരിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കാനാവൂ. മന്ത്രിമാർ തമ്മിലുളള അഭിപ്രായ വ്യത്യാസവും, വൈദ്യുതി വകുപ്പും ജലവകുപ്പും തമ്മലുളള തർക്കവും, വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥന്മാരുടെ ലാഭക്കൊതിയും, മുൻകൂട്ടി കാര്യങ്ങൾ കാണാൻ കഴിയാത്ത സർക്കാരിന്റെ കഴിവില്ലായ്മയുമാണ് ഇടുക്കി ഡാം തുറന്നുവിടാൻ കാലതാമസം ഉണ്ടാക്കിയത്. 2013 ൽ കനത്ത മഴ ഉണ്ടായിട്ടും ഇടുക്കി ഡാം തുറന്നില്ല. മഴയുടെ വരവ് മുൻകൂട്ടി കണ്ട് ചെറിയ ഡാമുകൾ നേരത്തെ തുറന്നു വയ്ക്കുകയാണ് അന്നത്തെ മന്ത്രി ആര്യാടൻ മുഹമ്മദ് ചെയ്തത്.

ഷോളയാർ ഡാം തമിഴ്നാട് തുറന്നത് ചാലക്കുടിയിൽ ദുരിതം ഇരട്ടിയാക്കി. അപ്പർ ഷോളയാറിൽനിന്നും തമിഴ്നാട് കേരളത്തിലേക്ക് നൽകേണ്ട വെളളം ഒഴുക്കി വിട്ടു. അവിടെയാണ് കേരളത്തിന് ഏറ്റവും വലിയ അനാസ്ഥ ഉണ്ടായത്. ജോയിന്റ് വാട്ടർ റെഗുലേഷൻ ബോർഡിന്റെ ചെയർമാൻ സ്ഥാനം ഇത്തവണ കേരളത്തിനാണ്. ഇറിഗേഷൻ ചീഫ് എൻജിനീയറാണ് ചെയർമാൻ. ചെയർമാൻ യോഗം വിളിച്ച് തമിഴ്നാടിനോട് വെളളം ഒഴുക്കി വിടരുതെന്ന് പറഞ്ഞെങ്കിൽ ചാലക്കുടിയെ രക്ഷിക്കാമായിരുന്നു. ഗുരുതരമായ വീഴ്ചയാണ് ജലവിഭവ മന്ത്രിക്കും ഇറിഗേഷൻ ഡിപ്പാർട്മെന്റിനും ഉണ്ടായത്-ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.