കൊച്ചി: പ്രളയത്തിൽ വീട് തകർന്നതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. എറണാകുളം കോതാട് സ്വദേശി റോക്കിയാണ് ജീവനൊടുക്കിയത്. ചെളിമൂടിയ സ്വന്തം വീട്ടിൽ തന്നെയാണ് ആത്മഹത്യ ചെയ്തത്. പ്രളയക്കെടുതിയിൽ മനം നൊന്തുളള മൂന്നാമത്തെ ആത്മഹത്യയാണിത്.

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിരവധി പേർക്കാണ് സ്വന്തം കിടപ്പാടം നഷ്ടമായത്. നിരവധി വീടുകൾ ഭാഗികമായി തകർന്നു. പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവർ തിരികെ വീട്ടിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്തുമ്പോൾ കാണുന്ന കാഴ്ചയിൽ പലരും വിങ്ങിപ്പൊട്ടുന്നുണ്ട്. പ്രളയത്തിൽ വീട് മുഴുവൻ ചെളിയും മണ്ണും അടിഞ്ഞിരിക്കുന്നു. പഴയതുപോലെ ഇനി ആവാൻ എത്ര സമയം വേണ്ടിവരുമെന്ന ആശങ്കയിലാണ് പലരും.

പ്രളയം നാശവിതച്ച എല്ലായിടത്തും ഇപ്പോൾ ശുചീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി സർക്കാർ ഒപ്പം തന്നെയുണ്ട്. വീടുകള്‍ വൃത്തിയാക്കുന്നതിന് ചൊവ്വാഴ്ച തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ 3,119 സ്ക്വാഡുകള്‍ ഇന്നലെ രംഗത്തുണ്ടായിരുന്നു. 12,372 വീടുകള്‍ വൃത്തിയാക്കി. അമ്പതിനായിരം മീറ്റര്‍ പൊതു ഓടകള്‍ വൃത്തിയാക്കി. പത്ത് ടണ്‍ പ്ലാസ്റ്റിക് ശേഖരിച്ചു. മൊത്തം 3,143 മൃഗങ്ങളുടെ ശവശരീരങ്ങള്‍ രണ്ടു ദിവസങ്ങളിലായി സംസ്കരിച്ചു. പകര്‍ച്ചവ്യാധി തടയാനുളള മുന്‍കരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയിൽ മനംനൊന്ത് ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ ക്യാമ്പുകളിൽനിന്നും മടങ്ങി എത്തുന്നവർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിനുളള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. കുടുംബങ്ങളില്‍ തിരികെ എത്തുന്ന കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവരില്‍ ഉണ്ടായേക്കാവുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വകുപ്പിനു കീഴിലെ മുഴുവന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടേയും സേവനം പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് പ്രയോജനപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 3200 ഓളം പ്രഫഷനലുകൾ അടങ്ങുന്ന സാന്ത്വന സംഘം വെള്ളിയാഴ്ച മുതൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എംഎസ്ഡബ്ല്യു, മനഃശാസ്ത്രം, കൗൺസലിങ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകൾ കഴിഞ്ഞവരാണു സന്നദ്ധപ്രവർത്തനത്തിനു രംഗത്തിറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.