ആലപ്പുഴ: കേരളത്തിലെ പ്രളയ ദുരന്തം ഡാമുകളുണ്ടാക്കിയതാണെന്ന് മേധ പട്കർ. ഡാമുകൾ വെളളപ്പൊക്കം തടയുകയല്ല, അവ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഡാമുകൾ ദുർബലമാവുകയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക പഠനങ്ങളില്ലാതെ ഡാമുകൾ നിർമ്മിച്ചു. ഇപ്പോഴും മുന്നോട്ടു വയ്ക്കുന്ന വൻ പദ്ധതികൾ പശ്ചിമഘട്ടത്തെ മാത്രമല്ല കേരളത്തെ തന്നെ ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു. ദുരിതബാധിതരെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മേധ പട്കർ.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിർത്തണം. ഇതിന് സർക്കാരുകൾ തമ്മിലല്ല, കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ തമ്മിലാണ് ചർച്ച നടത്തേണ്ടതെന്നും മേധ പട്കർ പറഞ്ഞു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയ്ക്കെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

യുഎഇ വാഗ്‌ദാനം ചെയ്ത 700 കോടി സ്വീകരിക്കാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ ദുരഭിമാനം വെടിയണമെന്നും മേധ പട്കർ പറഞ്ഞു. യുഎഇയുടെ വാഗ്‌ദാനം വേണ്ടെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനോടാണ് മേധ പട്കറുടെ പ്രതികരണം. യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ വാഗ്‌ദാനം ചെയ്തിടത്താണ് കേന്ദ്രസര്‍ക്കാര്‍ 600 കോടിരൂപമാത്രം നല്‍കിയത്. കൂടുതല്‍ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കേരളത്തിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ മടിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.