തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ആർക്കൈവ്സ് മൂല്യമുള്ള ഫോട്ടോകളോ വീഡിയോകളോ കൈയ്യിലുണ്ടോ? എങ്കിൽ അവ സർക്കാരിന് സംഭാവനയായി നൽകാം. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻ വകുപ്പിന്റെ സ്റ്റേറ്റ് വീഡിയോ ആർക്കൈവ്സിൽ സൂക്ഷിക്കുന്നതിനായാണ് സർക്കാർ ഫോട്ടോകളും വീഡിയോകളും ശേഖരിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ ആർക്കൈവ് ചെയ്ത് വയ്ക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, കരകവിഞ്ഞും ഗതിമാറിയും ഒഴുകുന്ന പുഴകൾ, ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം, തകർന്ന പാലങ്ങൾ, വെള്ളത്തിൽ മുങ്ങിയ റോഡുകൾ, കേടുപറ്റിയതോ വെള്ളം കയറിയതോ ആയ ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ, രക്ഷാപ്രവർത്തന ശ്രമങ്ങൾ, റിലീഫ് ക്യാംപുകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് ഇൻഫർമേഷൻ- പബ്ലിക് റിലേഷൻ വകുപ്പ് ആർക്കൈവ് ചെയ്യുന്നത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ ഹാർഡ് ഡിസ്കിലോ ഡിവിഡികളിലോ ആക്കി ഇവ സമർപ്പിക്കുകയോ keralaflood2018prd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുകയോ ചെയ്യാം. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും ഫോട്ടോകളും സമർപ്പിക്കാം. മാധ്യമപ്രവർത്തകർ, സ്ഥാപനങ്ങൾ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, പൊതുജനങ്ങൾ തുടങ്ങിയവർക്കെല്ലാം പ്രളയത്തിന്റെ ചിത്രങ്ങളും വീഡിയോകളും കൈമാറാം.

അയയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കുമൊപ്പം അവ എന്തെന്നു വ്യക്തമാക്കുന്ന കുറിപ്പും സംഭവസ്ഥലവും തീയതിയും സമയവും എടുത്ത വ്യക്തിയുടെ പേരും കൂടി വ്യക്തമാക്കണമെന്ന് ഇൻഫർമേഷൻ- പബ്ലിക് റിലേഷൻ വകുപ്പിന്റെ ഇൻഫർമേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ കുന്നത്ത് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ