തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഒരു വർഷത്തെ എല്ലാ ആഘോഷപരിപാടികളും മാറ്റിവച്ചു. ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, കലോത്സവം, വിനോദ സഞ്ചാരവകുപ്പിന്റെ ആഘോഷ പരിപാടികൾ എന്നിവ മാറ്റിവച്ചാണ് സർക്കാർ ഉത്തരവായത്.

ഇത്തരം ആഘോഷപരിപാടികൾക്കായി നീക്കിവച്ചിട്ടുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകണമെന്നും സർക്കാർ​ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഉത്സവ ആഘോഷ പരിപാടികൾ ഒരു വർഷത്തേയ്ക്ക് ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇന്ന് (04-09-18) ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. 195/ 2018 / പൊതുഭരണ വകുപ്പ് ഉത്തരവിലാണ് ആഘോഷങ്ങൾ മാറ്റിവയ്ക്കാനും ഇതിനായുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനും ആവശ്യപ്പെടുന്നത്.

എല്ലാ വർഷവും നടത്തി വരുന്ന വിവിധ പരിപാടികൾക്കായി മുൻകൂറായി തുക മാറ്റിവയ്ക്കാറുണ്ട്. ഈ തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകണമെന്നാണ് ഉത്തരവ് സൂചിപ്പിക്കുന്നത്.

എല്ലാ വകുപ്പിന്റെയും ആഘോഷപരിപാടികൾ​ ഒരു വർഷത്തേയ്ക്ക് ഒഴിവാക്കിക്കൊണ്ടുളളതാണ് ഉത്തരവ്. ഈ ഉത്തരവ് പ്രകാരം ഈ ആഘോഷങ്ങൾക്കായി വകയിരുത്തിയിരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്ക് നൽകുവാൻ വകുപ്പ് അധ്യക്ഷന്മാരും വകുപ്പ് മേധാവികളും സത്വര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.