പത്തനംതിട്ട: നാടിനെ ദുരിതത്തിലാക്കിയ പ്രളയത്തിൽ കിടപ്പാടം നഷ്ടമായത് ഒട്ടേറെ പേർക്കാണ്. പ്രളയത്തിൽ കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദേവദത്തിന്റെ കൂട്ടുകാരുടെ വീടുകളും മുങ്ങിയിരുന്നു. അവരുടെ വീടുകള്‍ കാണാനും ആശ്വസിപ്പിക്കാനുമാണ് ഈ സ്‌കൂളിലെ അധ്യാപിക കൂടിയായ ദേവദത്തിന്റെ അമ്മ ശ്രീരഞ്ജുവിനേയും സഹപാഠികളേയും കൂട്ടി ദേവദത്ത് പോയത്.

ദുരിത ബാധിതരുടെ കഷ്ടപ്പാടുകൾ നേരിൽ കണ്ട ദേവദത്തിന് അപ്പോൾ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇതിനിടയിലാണ് പ്രളയക്കെടുതിയിലെ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിന് അമ്മയും സ്‌കൂളിലെ മറ്റ് അധ്യാപകരും തങ്ങളുടെ ശമ്പളം നല്‍കുന്നുണ്ടെന്ന് ദേവദത്ത് അറിഞ്ഞത്.

ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയെങ്കിലും തന്റെ വകയായി നൽകണമെന്ന് ദേവദത്തിന് നിർബന്ധമായി. ഇതിനായി താൻ പൊന്നുപോലെ സൂക്ഷിച്ചിരുന്ന നാണയശേഖരം അടങ്ങിയ മൺകുടം പൊട്ടിക്കാൻ ദേവദത്ത് തയ്യാറായി. കഴിഞ്ഞ രണ്ടുവര്‍ഷമായി അഞ്ച് രൂപയുടെയും 10 രൂപയുടെയും സ്വര്‍ണനിറമുള്ള നാണയങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചുവരികയായിരുന്നു ദേവദത്ത്. താന്‍ പൊന്നുപോലെ സൂക്ഷിക്കുന്ന നാണയശേഖരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ദേവദത്തിന്റെ ആവശ്യം അംഗീകരിച്ച അമ്മയും ക്ലാസ് ടീച്ചറും സഹപാഠികളും കലക്ടറേറ്റിലെത്തി ദേവദത്തിന്റെ നാണയശേഖരത്തിലുണ്ടായിരുന്ന 1125 രൂപ ജില്ലാ കലക്ടര്‍ പി.ബി.നൂഹിന് കൈമാറി.

സഹജീവികളുടെ ദുരിതത്തില്‍ അവരെ സഹായിക്കാന്‍ തന്റെ പ്രിയപ്പെട്ട സമ്പാദ്യം നല്‍കിയ ദേവദത്തിന്റെ മാതൃക ഉദാത്തമാണെന്ന് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.