തിരുവനന്തപുരം: പ്രളയദുരിതത്തിലായ കേരളത്തിനുവേണ്ടി കൈകൾ കോർക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പണമായും അവശ്യ വസ്തുക്കളായും കേരളത്തിലേക്ക് സഹായങ്ങൾ എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള സംഭാവന 500 കോടി രൂപ കവിഞ്ഞു. മുഖ്യമന്ത്രി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 539 കോടിരൂപ സംഭാവനയായി ലഭിച്ചു. ഇതിൽ 142 കോടിരൂപ സിഎംഡിആർഎഫ് പെയ്‌മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യുപിഐകളും വഴിയും പേറ്റിഎം വഴിയും ഓൺലൈൻ സംഭാവനയായി വന്നതാണ്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസിൽ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ ബാങ്ക് ഗേറ്റ്-വേകൾ വഴിയും, പേറ്റിഎം, പേയൂ, ഭീം, എസ്ബിഐ തുടങ്ങിയവയുടെ യുപിഐകളും ക്യുആർ കോഡുകൾ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേർ ഓൺലൈനായി സംഭാവന നൽകി.

അതേസമയം, കേരളത്തിന് കൂടുതൽ ധനസഹായം നൽകാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയംമൂലമുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ ഉള്‍പ്പടെ കേരളം വിശദമായ നിവേദനം സമര്‍പ്പിക്കണമെന്നും കേന്ദ്ര മന്ത്രിതല സമിതി സന്ദര്‍ശനം നടത്തി വിശകലനം നടത്തിയ ശേഷമായിരിക്കും കൂടുതല്‍ സഹായം നല്‍കുകയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേരളത്തിന് 600 കോടിയുടെ ധനസഹായമാണ് കേന്ദ്രം നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.