ന്യൂഡൽഹി: പ്രളയ ദുരിതത്തിൽനിന്നും കരകയറാനുളള കേരളത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി കേന്ദ്രസർക്കാർ നിലപാട്. കേരളത്തിന്റെ പുനർനിർമ്മാണത്തിന് വിദേശത്തുനിന്നുളള സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അനൗദ്യോഗികമായി ഡൽഹിയിലെ എംബസികളെ അറിയിച്ചു. ഇന്ത്യയിലെ തായ്‌ലൻഡ് അംബാസിഡർ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

2004 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ദുരന്തങ്ങൾക്ക് വിദേശരാജ്യങ്ങളിൽനിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ടെന്ന് നയം തീരുമാനിച്ചത്. 15 വർഷമായുളള ഈ നയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കേരളത്തിനു മാത്രമായി പ്രത്യേക ഇളവ് അനുവദിക്കേണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ അഭിപ്രായം ഉയരുകയും കേന്ദ്രസർക്കാർ ഇതിനോട് അനുകൂല സമീപനം സ്വീകരിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിച്ച് ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

കേരളത്തിലെ നിലവിലെ സാഹചര്യം നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. വിദേശ സഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് യുഎഇ വാഗ്‌ദാനം ചെയ്ത 700 കോടിയും ഖത്തർ, മാലിദ്വീപ് എന്നിവയുടെ സഹായ വാഗ്‌ദാനവും കേരളത്തിന് നഷ്ടമാക്കും.

അതേസമയം, പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ രാജ്യാന്തര ഏജൻസികളുടെ സഹായം സ്വീകരിക്കുന്നതിനുളള സാധ്യത കേന്ദ്രം തളളിയിട്ടില്ല. യുഎൻ അടക്കമുളള ഏജൻസികളിൽനിന്നും വിശദമായ പദ്ധതി നിർദ്ദേശങ്ങൾ ലഭിച്ചാൽ അപ്പോൾ തീരുമാനമെടുക്കുമെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്. വിദേശീയരുടെ വ്യക്തിപരമായ സംഭാവനകൾ സ്വീകരിക്കുന്നതിന് തടസ്സമില്ല. യുഎഇ ഭരണാധികാരികൾക്ക് വ്യക്തിപരമായി പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ദുരിശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനും തടസ്സമില്ല.

2013 ലെ ഉത്തരാഖണ്ഡ് പ്രളയം, 2005 ലെ കശ്മീർ ഭൂകമ്പം, 2014 ലെ കശ്മീർ വെളളപ്പൊക്കം ഈ സമയത്തൊക്കെ റഷ്യ, യുഎസ്, ജപ്പാൻ രാജ്യങ്ങളുടെ സഹായം ഇന്ത്യ വേണ്ടെന്നുവച്ചിരുന്നു. യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങളുടെ സഹായം നേരത്തെ നിരസിച്ചിട്ട് ഇപ്പോൾ യുഎഇയുടെ സഹായം സ്വീകരിച്ചാൽ സുഹൃദ് രാജ്യങ്ങൾ പിണങ്ങുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

അതിനിടെ, ഐക്യരാഷ്ട്ര സഭയുടെ സഹായം വേണമോയെന്ന് കേരളം തീരുമാനിക്കണമെന്നാണ് ശശി തരൂർ എംപി വ്യക്തമാക്കിയത്. ജനീവയിൽ ഐക്യരാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു തരൂർ ഇക്കാര്യം പറഞ്ഞത്. പുനർ നിർമ്മാണത്തിനായി പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാമെന്നും കോളറ തടയാനുളള യുഎൻ സഹായം സ്വീകരിക്കാവുന്നതാണെന്നും തരൂർ പറഞ്ഞു.

അതേസമയം, 2016 ൽ കേന്ദ്രം പുറത്തിറക്കിയ ദുരന്ത നിവാരണ പദ്ധതിയിൽ സുഹൃദ് രാജ്യങ്ങളുടെ സഹായം സ്വീകരിക്കാവുന്നതാണെന്ന് നിർദ്ദേശമുണ്ട്. എന്നാൽ ഇത് അംഗീകരിക്കാതെ വിദേശനയം ചൂണ്ടിക്കാട്ടിയാണ് കേരളത്തിന് യുഎഇ വാഗ്‌ദാനം ചെയ്ത സഹായം കേന്ദ്രം വേണ്ടെന്നുവയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.