കൽപ്പറ്റ: വയനാട് പനമരത്ത് ദുരിതാശ്വാസ ക്യാമ്പിൽനിന്ന് സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ടു സർക്കാർ ജീവനക്കാർ അറസ്റ്റിലായി. പനമരം വില്ലേജ് ഓഫിസിലെ സനീഷ് തോമസ്, ദിനേഷ് എം.പി എന്നിവരാണ് അറസ്റ്റിലായത്.

ഇന്നു പുലർച്ചെ മൂന്നുമണിയോടെ ക്യാമ്പിൽനിന്നും സാധനങ്ങളുമായി പോകാൻ ശ്രമിച്ച സർക്കാർ ജീവനക്കാരെ അവിടുത്തെ അന്തേവാസികൾ തടഞ്ഞുവയ്ക്കുകയായിരുന്നു. മറ്റൊരു ദുരിതാശ്വാസ ക്യാമ്പിലേക്കാണ് സാധനങ്ങൾ കൊണ്ടുപോകുന്നത് എന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ അന്തേവാസികൾ തഹസിൽദാരെ വിളിച്ചു വരുത്തി. ഇവർ സാധനങ്ങൾ കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ തഹസിൽദാർ പനമരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തഹസിൽദാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ മൂന്നു യുവാക്കൾ കണ്ണൂരിൽ അറസ്റ്റിലായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മോഷണം, കഞ്ചാവ് വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ റിഷഭ്, സഫാൻ, മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്.

പൊലീസ് മൈതാനത്ത് ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക’ എന്നെഴുതി ഒട്ടിച്ച ബക്കറ്റുമായിട്ടായിരുന്നു മൂന്നംഗ സംഘം പിരിവ് നടത്തിയത്. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയതും യുവാക്കൾ ഓടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. 3500 ഓളം രൂപ ഇവരുടെ പക്കൽനിന്നും കണ്ടെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ