തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. അതിശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലഭിച്ചത്. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് മലമ്പുഴ, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. വയനാട് ബാണാസുര സാഗർ അണക്കെട്ടും തുറന്നു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടുതലാണ്. കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. മലങ്കര ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.
മലങ്കര ഡാമിന്റെ ഷട്ടറുകൾ രണ്ട് ഘട്ടമായി 20 സെന്റീമീറ്റർ കൂടി ഉയർത്തും. ഇതോടെ 150 ക്യുമിക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുകും. നിലവിൽ ഡാമിന്റെ ആറ് ഷട്ടറുകളും 40 സെന്റീമീറ്റർ ഉയർത്തി 100 ക്യുമിക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വരുന്നു. തൊടുപുഴ , മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ബാണാസുര അണക്കെട്ടിന്റെ ഷട്ടർ 15 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. 12.27 ക്യുമിക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്.
മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ 9 മണിക്ക് തുറന്നു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറന്നത്. മലമ്പുഴ 113.59 മീറ്ററും(പരമാവധി 115.06 മീറ്റർ), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റർ), നിലവിലെ ജലനിരപ്പ്.
ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതു സംബന്ധിച്ച നിർദേശം നേരത്തെ തീരത്തുള്ളവർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. ജില്ല എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നും കർശന നിർദ്ദേശമുള്ളതിനാൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇതു സംബന്ധിച്ച ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനത്തിനു വിലക്ക്
കേരള, കർണാടക തീരം, ലക്ഷദ്വീപ്, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ വരുന്ന നാലു ദിവസം കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ഇന്ന് (20 സെപ്റ്റംബർ 2020) വൈകിട്ട് നാലു മുതൽ 48 മണിക്കൂർ സമയം തിരുവനന്തപുരം ജില്ലയുടെ തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോകുന്നതു നിരോധിച്ച് തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ.നവ്ജ്യോത് ഖോസ ഉത്തരവു പുറപ്പെടുവിച്ചു.
ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു
ആളിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്നു വൈകിട്ട് 4.15 ന് തുറന്നിട്ടുണ്ട്. സെക്കൻഡിൽ 3000 ഘനയടി എന്ന തോതിൽ വെള്ളം ഒഴുകിവരുന്നുണ്ട്. രാത്രി എട്ടോടെ മണക്കടവ് വിയറിൽ വെള്ളം ഒഴുകിയെത്തും. 8.30 ഓടു കൂടി മൂലത്തറ ഡാമിൽ വെള്ളം എത്തിച്ചേരും. ഉയരം കുറഞ്ഞ ക്രോസ് വേകൾ മുങ്ങാൻ സാദ്ധ്യതയുള്ളതിനാൽ പരിസരവാസികൾ അതീവ ശ്രദ്ധ പുലർത്തണമെന്നു ചിറ്റൂർ പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അരുവിക്കര ഡാമിന്റെ ഷട്ടർ കൂടുതൽ തുറക്കും
അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 50 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. നാലാമത്തെ ഷട്ടർ ഏഴ് മണിക്ക് ശേഷം 25 സെന്റീമീറ്റർ കൂടി ഉയർത്തുമെന്ന് (മൊത്തം 75 cm) ജില്ലാ കലക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു.
Also Read: ജലനിരപ്പ് ഉയരുന്നു; മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറന്നു
മധുവാഹിനി പുഴയുടെ സമീപത്തെ മധുര് ക്ഷേത്രത്തില്‍ വെള്ളം കയറി .വെളളരികുണ്ട് താലൂക്കിലെ ബളാല്‍ പഞ്ചായത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. ബാലുശേരി കരുമലയില്‍ മലയിടിച്ചില്‍ വീട്ടമ്മക്ക് പരുക്കുപറ്റി.സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
സെപ്റ്റംബർ 20ന് ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.