കൊച്ചി: പ്രളയത്തിൽ വിറച്ച കേരളത്തിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് പൂർണ ഗർഭിണിയായ യുവതിയെ നാവികസേന രക്ഷപ്പെടുത്തിയതിന്റെ വാർത്ത ഇന്നലെ പുറത്തുവന്നത്. കാലടി ചൊവ്വര പളളിയിൽ കുടുങ്ങിയ യുവതിയെ നാവികസേനയുടെ ഹെലികോപ്റ്ററിലാണ് രക്ഷപ്പെടുത്തിയത്. പൂർണ ഗർഭിണിയായ യുവതിയെ രക്ഷപ്പെടുത്താൻ സാഹസം കാട്ടിയ നാവികസേന കമാൻഡർ വിജയ് വർമ്മയ്ക്ക് സല്യൂട്ട് അടിക്കുകയാണ് കേരള ജനത.

Read More: ഹെലികോപ്റ്ററിൽ ഗർഭിണിയുടെ സാഹസിക രക്ഷപ്പെടൽ, ആശുപത്രിയിൽ എത്തിച്ചയുടൻ പ്രസവം

യുവതിയെ എയർലിഫ്റ്റ് ചെയ്തത് കമാൻഡർ വിജയ് ആണ്. തികച്ചും വെല്ലുവിളി നിറഞ്ഞൊരു രക്ഷാപ്രവർത്തനമായിരുന്നു അത്. ഹെലികോപ്റ്ററിൽ ഒരു ഡോക്ടറെയും കൊണ്ടാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. യുവതി പൂർണ ഗർഭിണിയായത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി. എന്നാൽ യുവതിയെ എയർലിഫ്റ്റ് ചെയ്യാൻ കമാൻഡർ വിജയ് കാട്ടിയ ധൈര്യമാണ് രണ്ടു ജീവനുകൾക്ക് തുണയായത്.

രക്ഷപ്പെടുത്തിയ യുവതിയെ ആശുപത്രിയിലെത്തിച്ചയുടൻ പ്രസവം നടന്നു. ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. യുവതിയുടെയും കുഞ്ഞിന്റെയും ഫോട്ടോ നാവികസേന ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

എറണാകുളത്ത് സ്ഥിതിഗതികൾ ഇപ്പോഴും രൂക്ഷമാണ്. ആലുവയുടെ പല​ഭാഗങ്ങളും ഇപ്പോഴും വെളളത്തിനടിയിലാണ്. ഇവിടെ രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് നിരവധി പേർ വീടിനു മുകളിൽ കഴിയുകയാണ്. ഭക്ഷണവും വെളളവും ഇല്ലാതെയാണ് പലരും ദിവസങ്ങളായി കഴിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.