തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്തു വച്ച് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയറെയും ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തു. ഷഹാനബീഗം, ഡ്രൈവ പ്രവീൺ കുമാർ എ.ജെ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് മന്ത്രി ജി. സുധാകരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മൂന്നിന് വൈകുന്നേരം 5.30 നും ആറിനുമിടയിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കൈക്കൂലി കൈമാറിയത്. ഔദ്യോഗിക വാഹനത്തിൽ സെക്രട്ടേറിയറ്റിലെ സുരക്ഷാ ഫയർ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനായി എത്തിയപ്പോൾ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങി എന്നാണ് ആരോപണം. മന്ത്രി ഓഫീസിൽ ഈ ആരോപണം എത്തിയതിനെ തുടർന്നാണ് നടപടി. ഈ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് നടപടി. കരാറുകാരൻ പരസ്യമായി രൂപ എടുത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാറിനകത്തേക്ക് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാവുന്നതാണ്. മറ്റൊരാള്‍ ഡ്രൈവര്‍ക്കും കൈക്കൂലി നല്‍കുന്നതും കാണാം.

സെക്രട്ടേറിയറ്റ് പരിസരത്തുവെച്ച് പരസ്യമായി കൈക്കൂലി നല്‍കിയ കാരറുകാരൻ സിജോ, അയാളോടൊപ്പമുണ്ടായിരുന്നവരുടെയും, കൈക്കൂലി വാങ്ങിയ എക്‌സിക്യൂട്ടീവ് എൻജിനീയറുടെയും, ഡ്രൈവറുടെയും പേരില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്തി നപടിയെടുക്കണമെന്ന് മന്ത്രി ജി. സുധാകരന്‍ നിര്‍ദ്ദേശം നല്‍കി.

സസ്‌പെന്‍ഷനിലായ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ സമ്പാദ്യത്തെപ്പറ്റി അന്വേഷിക്കണമെന്നും വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ഉടന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് വിജിലന്‍സിനോട് ജി. സുധാകരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.