തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം ആരംഭിച്ചു. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു രാവിലെ മുതൽ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അയൽ ജില്ലകളിലേക്ക് മാത്രമായിരുന്നു ഇതുവരെ കെഎസ്‌ആർടിസി സർവീസ് നടത്തിയിരുന്നത്. ഓണക്കാലമായതിനാൽ നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതത്തിനു സംസ്ഥാന സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. സെപ്‌റ്റംബർ ഒന്ന് വരെയാണ് ഇളവ്. ഇക്കാലയളവിൽ ബസുകൾക്ക് കേരളത്തിൽ എവിടേയും സർവീസ് നടത്താം. കെഎസ്‌ആർടിസിക്ക് സാധാരണ നിലയിലുള്ള സർവീസ് നടത്താം. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് ദീർഘദൂര സർവീസുകൾക്ക് അനുമതി.
യാത്രക്കാര്‍ വരുന്നതിന് അനുസരിച്ചാണ് കെഎസ്‌ആർടിസി സര്‍വീസുകള്‍ നടത്തുക. ടിക്കറ്റ് ഓൺലൈനിൽ
ബുക്ക് ചെയ്യാം. ഓണത്തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്‌ച വരെ പരമാവധി ബസുകള്‍ ഓടിക്കണമെന്ന് നിർദേശമുണ്ട്. ഡ്രൈവറും കണ്ടക്ടറും ഇല്ലാത്തതിന്റെ പേരില്‍ സര്‍വീസ് റദ്ദാക്കാന്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സര്‍വീസെന്നും കെഎസ്ആർടിസി എംഡി നിർദേശിച്ചു.
ഓണം പ്രമാണിച്ച് സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്‌ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും പ്രവർത്തന സമയത്തിലുള്ള നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കടകൾ രാത്രി ഒൻപത് വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. എന്നാൽ കണ്ടെയ്‌ൻമെന്റ് സോണുകളിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കണം.
Read Also: യുഡിഎഫ് വിട്ടു പുറത്തുവരുന്നവരെ രാഷ്‌ട്രീയ നിലപാട് നോക്കി സ്വീകരിക്കും: കോടിയേരി
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകൾ വഴിയുള്ള മദ്യവിൽപ്പന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴ് വരെ മദ്യവിൽപ്പന നടത്താം. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ഓണക്കാലത്തെ തിരക്കും മറ്റും പരിഗണിച്ചാണ് പ്രവർത്തനസമയം വൈകീട്ട് ഏഴ് വരെ നീട്ടിയത്. ഇന്നുമുതൽ ഇന് പ്രാബല്യത്തിൽ വരും. ബെവ്‌ക്യൂ ആപ് വഴി മദ്യം ഓർഡർ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥ നീക്കി. ആപ് വഴി എല്ലാദിവസവും മദ്യം ഓർഡർ ചെയ്യാൻ ഇനിമുതൽ സാധിക്കും. ഒരു ഔട്ട്‌ലെറ്റിൽ 400 ടോക്കൺ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു. കള്ള് ഷാപ്പുകൾക്ക് രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാനും അനുമതി. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ല. ബാറുകളിൽ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും മദ്യവിൽപ്പന.
അതേസമയം, ഓണത്തോട് അനുബന്ധിച്ച് ആഘോഷങ്ങൾക്ക് അനുമതിയില്ല. ആളുകൾ കൂടുന്ന പരിപാടികൾ നടത്തരുത്. ഓണാഘോഷം ഒഴിവാക്കണം. പൂക്കള മത്സരം, ഓണക്കളികൾ തുടങ്ങിയവ പൂർണമായി ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.