തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ദിവസങ്ങളായി സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാർഥികളുമായുളള ഉദ്യോഗസ്ഥ തല ചർച്ച കഴിഞ്ഞു.ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് ചർച്ചയ്ക്ക് ശേഷം ഉദ്യോഗാർത്ഥികൾ പറഞ്ഞു. രേഖാമൂലം ഉത്തരവ് സർക്കാരിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്നതായും അവർ വ്യക്തമാക്കി. സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.

എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായി ശനിയാഴ്ച വൈകീട്ട് 4.30 ന് നടന്ന ചർച്ചയിൽ ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൽജിഎസ്, സിപിഒ വിഭാ​ഗങ്ങളിലെ മൂന്ന് പേർ വീതമാണ് ചർച്ചയിൽ പങ്കെടുത്തത്.

Read Also: പല നഗരങ്ങളിലും പെട്രോൾ വില നൂറ് കടന്നു; കേരളത്തിലും പൊള്ളുന്നു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സമരക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നു. സമരക്കാരുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയിരുന്നു. അതിനു പിന്നാലെയാണ് സമരക്കാരുമായുള്ള സർക്കാർതല ചർച്ചയ്‌ക്ക് വഴിയൊരുങ്ങിയത്.

മന്ത്രിതല ചർച്ച വേണമെന്നാണ് സമരക്കാർ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മന്ത്രിതല ചർച്ച വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. തീരുമാനം എടുക്കാൻ സാധിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാലും സഹകരിക്കുമെന്ന് പിന്നീട് സമരക്കാർ വ്യക്തമാക്കിയിരുന്നു.

ഇന്നലെ നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും സമരക്കാരുമായി ചർച്ച നടത്തണമെന്ന ആവശ്യം ഉയർന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രശ്‌നം കൂടുതൽ വഷളാക്കരുതെന്നാണ് സിപിഎം നിലപാട്. ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ സർക്കാരിനു കത്തെഴുതിയിരുന്നു. പ്രശ്‌നം അനുഭാവപൂർവം കാണണമെന്നും സർക്കാരിനു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കണമെന്നും ഗവർണറുടെ കത്തിൽ നിർദേശമുണ്ട്.

Read Also:  ആഴക്കടൽ മത്സ്യബന്ധനം: ധാരണാപത്രം ഒപ്പിട്ട കാര്യം എംഡി സർക്കാരിനെ അറിയിച്ചട്ടില്ലെന്ന് മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾ നടത്തിവരുന്ന സമരം 26-ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ മീന്‍ വിൽപന നടത്തിയാണ് ഇന്നലെ പ്രതിഷേധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.