തിരുവനന്തപുരം: പിഎസ്‌സിയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും അധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന എല്‍ഡിസി പരീക്ഷയ്ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള നാലര ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതി. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം രണ്ടര ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകര്‍ക്ക് കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൃശ്ശൂരും കോഴിക്കോടും കേന്ദ്രങ്ങള്‍ തുറന്നിരുന്നു. 9 ജില്ലകളിലായി 1637 പരീക്ഷാ കേന്ദ്രങ്ങളാണ് പിഎസ്‌സി സജ്ജീകരിച്ചിരുന്നത്.

വനിതാ അപേക്ഷരില്‍ ഭൂരിഭാഗം പേര്‍ക്കും തിരുവനന്തപുരത്ത് തന്നെയായിരുന്നു പരീക്ഷാ കേന്ദ്രം. അതേസമയം തിരുവനന്തപുരം ജില്ലയിലെ ഭൂരിഭാഗം പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇതര ജില്ലകളിലായിരുന്നു പരീക്ഷാ കേന്ദ്രം ലഭിച്ചത്. മലപ്പുറത്തും സമാനമായിരുന്നു അവസ്ഥ.

തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാനെത്തിയത്. 90 ക്ലാസ്സ് മുറികളിലായി 1800 ഓളം ഉദ്യോഗാര്‍ത്ഥികള്‍ ഇവിടെ പരീക്ഷയെഴുതാനെത്തി. ഉച്ചയ്ക്ക് 1.30 ന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ ഹാളില്‍ പ്രവേശിക്കണമെന്നായിരുന്നു പിഎസ്‌സി നല്‍കിയിരുന്ന നിര്‍ദ്ദേശം. ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികളും കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. 1.40 ഓടെ സ്‌കൂളിന്റെ ഗേറ്റ് പൂട്ടിയതോടെ വൈകിയെത്തിയ ചിലര്‍ക്ക് അകത്തു കടക്കാനായില്ല. ഇതിനിടെ ചില ഉദ്യോഗാര്‍ത്ഥികള്‍ മതിലുകടന്ന് അകത്തു കയറിയെങ്കിലും ഇവരെ പരീക്ഷാഹാളില്‍ കടക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. പലരും കുടുംബത്തോടൊപ്പമാണ് പരീക്ഷക്കെത്തിയത്. അമ്മമാര്‍ പരീക്ഷ കഴിഞ്ഞ് എത്തുന്നതും കാത്ത് അച്ചഛന്റെ കൈകളിരുന്ന് കിണുങ്ങിയും ചിരിച്ചും സമയം തള്ളി നീക്കി. പ്രായമായ ചില മാതാപിതാക്കള്‍ സ്‌കൂളിലെ അസംബ്ലി ഹാളില്‍ ചെറു മയക്കത്തില്‍ മുഴങ്ങി.

3.15 ഓടെ പരീക്ഷ പൂര്‍ത്തിയാക്കി ഉദ്യോഗാര്‍ത്ഥികള്‍ പുറത്തിറങ്ങി. പലരുടെയും മുഖത്ത് വിജയകരമായി പരീക്ഷപൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദമായിരുന്നു. കടുപ്പമേറിയ ചില ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും പൊതുവില്‍ പരീക്ഷ വല്യ ബുദ്ധിമുട്ടില്ലായിരുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പക്ഷം. പരീക്ഷയ്ക്ക് ശേഷം മടങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി വിപുലമായ സജ്ജീകരണങ്ങളൊരുക്കിയിരുന്നു.

മറ്റ് ജില്ലകളിലെ അപേക്ഷകര്‍ക്കായി 5 ഘട്ടങ്ങളില്‍ കൂടി പരീക്ഷ നടത്തും. ആഗസ്റ്റ് 26 നാണ് അവസാനഘട്ട പരീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ