തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാന്‍ കെസിബിസി. ബഫര്‍സോണ്‍ മേഖലകളിലെ ഉപഗ്രഹ സര്‍വേക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. പരിസ്ഥിതി ലോല മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ സ്ഥല പരിശോധന അടക്കം നടത്തി ബഫര്‍ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ട് അവ്യക്തമാണെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
ബഫര്‍സോണ്‍ മേഖലകളില്‍ നടത്തിയ ഉപഗ്രഹ സര്‍വേയെ കുറിച്ച് വിദഗ്ധ സമിതിക്ക് 23 നുള്ളില്‍ പരാതി നല്കാന് ആയിരുന്നു മുന്‍ തീരുമാനം. പ്രതിഷേധങ്ങള്‍ക്കിടെ ഈ തീയതി നീട്ടാനും സാധ്യതയുണ്ട്. പരാതികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തുകളില്‍ ഹെല്പ് ഡെസ്ക് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. 20 നാണ് വിഷയത്തില്‍ വിദഗ്ധ സമിതി യോഗം ചേരുന്നത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്നാണ് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കുന്നത്. നിലവിലെ ആശങ്കകളില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) യുടെ പിന്തുണയോടെ 61 കര്‍ഷക സംഘടനകള്‍ യാത്രനടത്തും. യാത്രയുടെ സമാപന സമ്മേനം താമരശേരി ബിഷപ്പ് ഉദ്ഘാടനം ചെയ്യും. കെസിബിസി നേതൃത്വം നല്കുന്ന കേരള കര്‍ഷക അതിജീവന സംയുക്ത സമിതി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തിങ്കളാഴ്ചയാണ് ജനജാഗ്രത യാത്ര നടത്തുന്നത്. ബഫര്‍ സോണില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന കക്കയം, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലൂടെയാണ് യാത്രകള്‍ കടന്നുപോകുന്നത്.