തിരുവനന്തപുരം: ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗത്തിന് പ്രത്യേക പരിഗണനയുമായി സഹകരണ പ്രസ്ഥാനം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കണ്ണൂരിൽ നടക്കുന്ന എട്ടാമത്‌ സഹകരണ കോൺഗ്രസിലാണ് സഹകരണ മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ട്രാൻസ്‌ജെൻഡേഴ്സ്‌ വിഭാഗത്തിന്‍റെ സാമൂഹ്യ പദവി ഉയർത്തുന്നതിന്‌ ഇടതു മുന്നണി സർക്കാർ സ്വീകരിക്കുന്ന ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയാണ്‌ ഈ തീരുമാനമെന്ന് സഹകരണ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡേഴ്സ്‌ വിഭാഗത്തിന്‌ ഗ്രാന്റ്‌ ഉൾപ്പടെയുള്ള ധനസഹായം സഹകരണ സംഘങ്ങൾ വഴി നൽകും. രാജ്യത്ത്‌ തന്നെ ഇതാദ്യമായാണ്‌ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നത്‌. ട്രാൻസ്‌ജെൻഡേഴ്‌സ്‌ വിഭാഗത്തിന്‌ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും ഈ സഹകരണ സംഘങ്ങളിലൂടെ കഴിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സഹകരണ നിയമം അനുശാസിക്കുന്നത്ര അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകും ആദ്യം ട്രാൻസ്‌ജെൻഡേഴ്സ്‌ സഹകരണ സംഘം രൂപീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്റേഴ്സിന് ജോലി നല്‍കിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നെങ്കിലും വിവേചനത്തിന്‍റെ പേരില്‍ ചിലര്‍ ജോലി ഉപേക്ഷിക്കുകയും ചെയ്തതിരുന്നു. വേതനത്തിലെ വിവേചനവും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും കാരണം കഴിഞ്ഞ ദിവസമാണ് തീര്‍ത്ഥ സാര്‍വിക എന്ന ട്രാന്‍സ്ജെന്‍ഡര്‍ ജോലി ഉപേക്ഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ