കോഴിക്കോട്: ഫറൂഖ് കോളേജ് അദ്ധ്യാപകൻ ജൗഹർ മുനവിറിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമായി. അതേസമയം സംഭവത്തിൽ ദൃശ്യമാധ്യമങ്ങളുടെ ചർച്ചകളിൽ നിന്ന് ഇദ്ദേഹവും വിവിധ തീവ്ര ഇസ്ലാമിക സംഘടനകളും ഒഴിഞ്ഞുനിന്നു.

വിവിധ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തിയതോടൊപ്പം സമൂഹമാധ്യമങ്ങളിലും സംഭവം വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വസ്ത്രധാരണത്തെ കുറിച്ച് ജൗഹർ മുനവിർ നടത്തിയ പരാമർശങ്ങളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെയും ശരീര അവയവങ്ങളെയും പരാമർശിച്ച വിധമാണ് പ്രതിഷേധത്തിന് കാരണമായത്.

ഇസ്ലാമിക് സ്റ്റുഡന്റ്സ് മൂവ്മെന്റ് കോഴിക്കോട് നരിക്കുനിയിൽ സംഘടിപ്പിച്ച ആത്മീയ ചൂഷണത്തിനെതിരായ സമ്മേളനത്തിനിടെയാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. പെൺകുട്ടികൾ ഫർദ്ദയുടെ അകത്ത് ലെഗ്ഗിൻസിടുന്നുവെന്നും പിന്നീട് ഫർദ്ദ ഉയർത്തിപ്പിടിച്ച് കാലുകൾ കാണിച്ച് കൊണ്ട് നടക്കുന്നുവെന്നുമാണ് പരാമർശമുണ്ടായത്. ഇതിന് പുറമേ മഫ്‌തയ്ക്ക് പകരം ഷോൾ ഉപയോഗിക്കുന്നതിനെയും അദ്ധ്യാപകൻ വിമർശിച്ചിരുന്നു.

മാറിടത്തിന്റെ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് പെൺകുട്ടികൾ നടക്കുന്നതെന്ന് പറഞ്ഞ അദ്ധ്യാപകൻ ഇത്ത് തണ്ണിമത്തൻ വിൽക്കാൻ വയ്ക്കുന്നത് പോലെയാണെന്ന് കൂടി പറഞ്ഞു. ഇതാണ് ഏറ്റവുമധികം പ്രതിഷേധത്തിന് ഇടയാക്കിയത്.

വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഫാറൂഖ് കോളേജിലേക്ക് മാർച്ച് നടന്നു. എസ്എഫ്ഐ, എബിവിപി തുടങ്ങിയ സംഘടനകളുടെ മാർച്ച് കോളേജിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെ കോളേജിനകത്ത് നിന്ന് വിദ്യാർത്ഥിനികളും മുദ്രാവാക്യം മുഴക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ