ന്യൂഡൽഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുളള പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കൗൺസിൽ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. നാല് മെഡിക്കൽ കോളജിലേക്കുമുളള പ്രവേശനം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.
പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി ഇതോടെ അസാധുവായി. വാദം കേൾക്കുന്നതിനിടെ സ്വാശ്രയ മാനേജ്മെന്റുകളെ സുപ്രീം കോടതി പലവട്ടം രൂക്ഷമായി വിമർശിച്ചിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ് എന്നീ മെഡിക്കല്‍ കോളജുകളിലെ നൂറ്റിയന്‍പത് എംബിബിഎസ് സീറ്റുകളിലേക്കും വര്‍ക്കല എസ്ആര്‍ കോളജിലെ നൂറ് സീറ്റുകളിലേക്കും നടന്ന പ്രവേശനത്തിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
നാല് മെഡിക്കൽ കോളേജുകളിലുമായി ആകെ 550 സീറ്റുകളിലേക്കാണ് പ്രവേശനം നടന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് നടപടിയെടുത്തത്. മെഡിക്കൽ കൗൺസിൽ പല തവണ കത്തയച്ചിട്ടും മെഡിക്കൽ കോളേജുകൾ അനുകൂല നടപടി കൈക്കൊണ്ടില്ല.
മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ പ്രവേശനമെന്നാണ് സുപ്രീം കോടതിയിൽ മെഡിക്കൽ കൗൺസിൽ ഉന്നയിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എല്ലാ സീറ്റുകളിലും പ്രവേശനം നടന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് അനുകൂല തീരുമാനം സുപ്രീം കോടതി കൈക്കൊളളണമെന്നാണ് കേരള സർക്കാരും കോളേജ് മാനേജ്മെന്റുകളും വാദിച്ചത്. എന്നാൽ വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ മറുപടി.