scorecardresearch
Latest News

ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം; രണ്ടാം ദിനവും തുടരുന്നു

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് സമരസമിതി

private bus, strike

തിരുവനന്തപുരം: സംസ്ഥാനത്തെ അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്ച അർധരാത്രി മുതൽ ആരംഭിച്ച ബസ് സമരം സാധാരണ ജനങ്ങളെ ആകെ വലച്ചിരിക്കുകയാണ്. സമരം രണ്ടാം ദിനത്തിലേക്ക് കടന്നിട്ടും സർക്കാർ ബസുടമകളുമായി ചർച്ചയ്ക്കു തയാറായിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് സമര സമിതി.

സമരത്തെ തുടർന്ന് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തിയെങ്കിലും മിക്ക ജില്ലകളിലും യാത്രക്കാർ ബുദ്ധിമുട്ട് നേരിടുകയാണ്. സ്‌കൂളുകളിൽ വാർഷിക പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും സമരം ബാധിച്ചിട്ടുണ്ട്. കെഎസ്ആർടിസി സർവീസുകൾ കുറവുള്ള മലബാർ മേഖലകളിലെ യാത്രക്കാരും ദുരിതത്തിലാണ്.

Also Read: 28, 29 തിയ്യതികളിലെ ദേശീയ പൊതുപണിമുടക്ക് ആരെയൊക്കെ ബാധിക്കും

ബസുടമകളുടേത് അനാവശ്യ സമരമാണെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചത്. നിരക്ക് കൂട്ടാൻ സർക്കാർ തീരുമാനം എടുത്തിട്ടുള്ളതാണ്. അത് കൂട്ടും, സമരത്ത തുടര്‍ന്നാണ് നിരക്ക് കൂട്ടിയതെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

യാത്രാനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെന്നും അത് എന്ന് മുതലായിരിക്കണം എന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ വലയ്ക്കാതെ സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Also Read: ഇടപാടുകൾ ഇന്ന് നടത്താം; നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി

എന്നാൽ ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം യാത്രാനിരക്ക് 12 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കൺസഷൻ ആറ് രൂപയായി വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം നടപ്പാക്കാതെ പിന്നോട്ടില്ലെന്നാണ് അവരുടെ നിലപാട്.

അതേസമയം, തിരുവനന്തപുരം സിറ്റിയിൽ സ്പെഷൽ പെർമിറ്റുള്ള ചില ബസുകൾ ഇന്നലെ സർവീസ് നടത്തിയിരുന്നു. ഇതൊഴികെ മറ്റു ജില്ലകളിലെ സ്വകാര്യ ബസുകളെല്ലാം സമരത്തിൽ പങ്കെടുത്തു. എറണാകുളം കണ്ണൂർ ജില്ലകളിൽ കെഎസ്ആർടിയ്ക്ക് ഇന്നലെ അധിക സർവീസുകൾ നടത്താൻ സാധിച്ചിരുന്നില്ല എന്നാൽ ഇന്ന് കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; വലഞ്ഞ് ജനം, തിരുവനന്തപുരത്ത് സമരമില്ല

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala private bus strike continues second day