scorecardresearch

സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; വലഞ്ഞ് ജനം, തിരുവനന്തപുരത്ത് സമരമില്ല

സ്വകാര്യ ബസ് സമരത്തെ നേരിടാൻ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നടത്താനാണ് സർക്കാർ തീരുമാനം

Private Bus, fare hike, strike
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസുടമകളുടെ സംയുക്ത സമിതി പണിമുടക്ക് നടത്തുന്നത്. ബസ് സമരം സാധാരണ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. കെഎസ്ആർടിസി ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, തിരുവനന്തപുരം ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. 62-ഓളം ബസുകളാണ്‌ സർവീസ് നടത്തുന്നത്. തലസ്ഥാനത്തെ സർവീസുകൾ മിക്കതും കെഎസ്ആർടിസിയുടെ കുത്തക ആയതിനാലാണ് ഇത്.

ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം യാത്രാനിരക്ക് 12 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കൺസഷൻ ആറ് രൂപയായി വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

അതേസമയം, ബസുടമകളുടേത് അനാവശ്യ സമരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്ക് കൂട്ടാൻ സർക്കാർ തീരുമാനം എടുത്തിട്ടുള്ളതാണ്. അത് കൂട്ടും, സമരത്ത തുടര്‍ന്നാണ് നിരക്ക് കൂട്ടിയതെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യാത്രാനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെന്നും അത് എന്ന് മുതലായിരിക്കണം എന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയത്. ജനങ്ങളെ വലയ്ക്കാതെ സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ബസ് സമരത്തെ നേരിടാൻ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നടത്താനാണ് സർക്കാർ തീരുമാനം. ഓരോ ഡിപ്പോയിലെയും മുഴുവൻ ബസുകളും നിരത്തിലിറക്കാൻ കെഎസ്ആർടിസി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കെഎസ്ആർടിസി സർവീസുകൾ കുറഞ്ഞ മലബാർ ജില്ലകളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. എറണാകുളം കണ്ണൂർ ജില്ലകളിൽ അധിക സർവീസുകൾ ഇല്ല. ആവശ്യത്തിന് ബസുകൾ ഇല്ലാത്തതിനാലാണ് അധിക സർവീസ് നടത്താനാവാത്തത് എന്നാണ് വിശദീകരണം.

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പൊതുപരീക്ഷ നടക്കുന്നതിനാൽ, സ്‌കൂളിൽ പോകാൻ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന കുട്ടികളെയും മാതാപിതാക്കളെയും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്.

മാർച്ച് 30ന് നടക്കുന്ന എൽഡിഎഫ് യോഗത്തിന് ശേഷമേ ബസ് ചാർജ് വർധനവിൽ തീരുമാനമുണ്ടാകൂ എന്നാണ് കരുതുന്നത്. അടുത്ത ദിവസങ്ങളിൽ നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കിലേക്ക് പോകാൻ സാധ്യതയുണ്ട്.

Also Read: കെ-റെയില്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി; ഇന്ന് പ്രധാനമന്ത്രിയെ കാണും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala private bus indefinite strike