Kerala Pooja Bumper Lottery Ticket 2019: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് പൂജ ബമ്പര്‍ (BR 70). നവംബർ 30 നാണ് പൂജാ ബമ്പര്‍ നറുക്കെടുപ്പ്. നിലവിൽ 25 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുളളത്. ഇതിൽ 23 ലക്ഷത്തോളം വിറ്റഴിഞ്ഞിട്ടുണ്ട്. ടിക്കറ്റുകൾ വിറ്റഴിയുന്ന മുറയ്ക്ക് കൂടുതൽ അച്ചടിക്കാനാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. പരമാവധി 45 ലക്ഷം ടിക്കറ്റാണു ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക.

Kerala Lottery Result 30.11.19 Pooja Bumper 2019 Live: കോടിപതിയെ ഇന്നറിയാം, പൂജ ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്

കഴിഞ്ഞ വര്‍ഷം പൂജാ ബംപർ  22 ലക്ഷം ടിക്കറ്റാണു വിറ്റിരുന്നത്. ഒന്‍പതു കോടി രൂപയായിരുന്നു സര്‍ക്കാരിനുണ്ടായ ലാഭം. ടിക്കറ്റ് വില്‍പ്പനയിനത്തില്‍ 29.14 കോടി രൂപ ലഭിച്ചു. 11.97 കോടി രൂപ സമ്മാനമായി നല്‍കി.

ഈ വര്‍ഷത്തെ പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.
Kerala Pooja Bumper Lottery 2019: പൂജാ ബംപർ: ഒന്നാം സമ്മാനം അഞ്ചു കോടി; നറുക്കെടുപ്പ് നവംബർ 30 ന്

നിബന്ധനകളും വ്യവസ്ഥകളും

  • ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും മേൽവിലാസവും എഴുതണം.
  • സമ്മാനാർഹർ നറുക്കെടുപ്പിനു ശേഷം 30 ദിവസത്തിനുളളിൽ ടിക്കറ്റ് സമ്മാന വിതരണത്തിന് ഹാജരാക്കണം. 1 മുതൽ 3 വരെയുളള സമ്മാനാർഹർക്ക് നേരിട്ടോ, ദേശസാൽകൃത/ഷെഡ്യൂൾഡ്/സംസ്ഥാന അഥവാ ജില്ലാ സഹകരണ ബാങ്കുകൾ വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഡയറക്ടർ ഓഫീസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. സമ്മാനാർഹന്റെ ഒപ്പും പേരും മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാൻകാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സമ്മാനാർഹന്റെ പേര്, ഒപ്പ്, മേൽവിലാസം ഇവ രേഖപ്പെടുത്തിയതും ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (IFSC code സഹിതം) രേഖപ്പെടുത്തിയ പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
  • അന്യസംസ്ഥാനങ്ങളിൽ നിന്നുളള സമ്മാനാർഹർ ടിക്കറ്റുകൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കേണ്ടതാണ്.
  • കൃത്രിമം കാണിച്ചതോ കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്.

ഒരു ടിക്കറ്റിന് ആ നമ്പരിൽ ലഭിച്ച ഏറ്റവും ഉയർന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കുകയുളളൂ. നിയമാനുസൃതമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയിൽനിന്നും കിഴിവ് ചെയ്യുന്നതാണ്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

ഇത്തവണത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അവകാശികളായത് ആറ് പേരാണ്. കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറ് പേർ ചേര്‍ന്നാണ് ബംപർ ടിക്കറ്റെടുത്തത്. കരുനാഗപ്പള്ളി ഷോറൂമിലെ സെയില്‍സ്മാന്‍മാരായ തൃശൂര്‍ സ്വദേശികളായ റോണി, സുബിന്‍ തോമസ്, കൊല്ലം സ്വദേശികളായ രംജിം, രാജീവന്‍, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.