കോട്ടയം: ജീവിതത്തിൽ ആദ്യമായെടുത്ത ലോട്ടറി ടിക്കറ്റാണ് കോട്ടയം സ്വദേശി എ.പി.തങ്കച്ച (54)നെ കോടിപതിയാക്കിയത്. ഇത്തവണത്തെ പൂജ ബംപറിന്റെ ഒന്നാം സമ്മാനമായ അഞ്ച് കോടി അടിച്ചത് തങ്കച്ചൻ എടുത്ത RI 332952 എന്ന നമ്പർ ടിക്കറ്റിനാണ്. തട്ടിമാറ്റാൻ ശ്രമിച്ച ഭാഗ്യമാണ് തങ്കച്ചനെ തേടിയെത്തിയത്.

സ്ഥിരമായി നാഗമ്പടം പളളിയിൽ പോകുന്ന തങ്കച്ചൻ, പതിവുപോലെ പളളിയിൽ പോയിവന്നശേഷം കട തുറക്കുമ്പോഴാണ് തമിഴ്നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ ലോട്ടറി ടിക്കറ്റുമായി വരുന്നത്. താൻ ലോട്ടറി എടുക്കാറില്ലെന്ന് പറഞ്ഞുവെങ്കിലും അയാൾ കേൾക്കാതെ രണ്ടു ബംപർ ടിക്കറ്റ് കൗണ്ടറിൽ വച്ചിട്ടു പോവുകയായിരുന്നുവെന്ന് തങ്കച്ചൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Kerala Pooja Bumper Lottery Result Highlights: പൂജ ബംപർ; ഒന്നാം സമ്മാനം RI 332952 ടിക്കറ്റിന്

”അയാൾ പോയശേഷം ഞാൻ ആ ടിക്കറ്റ് രണ്ടുമെടുത്ത് ഡയറിയിൽവച്ചു. അതിനെക്കുറിച്ച് പിന്നെ ചിന്തിച്ചതേ ഇല്ല. ഇന്നലെ രാവിലെ പളളിയിൽ പ്രാർഥന കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അയാൾ ഫോൺ വിളിക്കുന്നത്. ഒന്നാം സമ്മാനം എനിക്കാണ് അടിച്ചതെന്നു തോന്നുന്നതായി പറഞ്ഞു. ഞാനത് കാര്യമാക്കിയില്ല. ഏറെ നേരം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നു. എനിക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്നും ലോട്ടറി ടിക്കറ്റ് നോക്കാനും പറഞ്ഞു. ഞാൻ കട തുറന്നു ടിക്കറ്റ് പരിശോധിച്ചപ്പോൾ എനിക്കായിരുന്നു ഒന്നാം സമ്മാനം,” തങ്കച്ചൻ പറഞ്ഞു.

Kerala Lottery Pooja Bumper Result 2019: പൂജ ബംപർ നറുക്കെടുപ്പ്: വിജയികളെ അറിയാം

29 വർഷമായി പനമ്പാലത്ത് കൊച്ചുവീട്ടിൽ മെഡിക്കൽസ് എന്ന പേരിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ് തങ്കച്ചൻ.

”ജീവിതത്തിൽ ആദ്യമായിട്ടാണ് ലോട്ടറി എടുക്കുന്നത്. അതിനുതന്നെ ഒന്നാം സമ്മാനം ലഭിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു. വർഷങ്ങളായി കുടമാളൂർ പളളിയിൽ ഞാൻ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്നുണ്ട്. അത് കുറച്ചുകൂടി കൂട്ടണം. പാവപ്പെട്ടവർക്ക് സൗജന്യമായി മരുന്ന് നൽകുന്ന പദ്ധതി തുടങ്ങണമെന്നാണ് ആഗ്രഹം. മാത്രമല്ല, ഇനി മുതൽ മെഡിക്കൽ ഷോപ്പിലെത്തുന്നവർക്ക് മരുന്ന് വിലകുറച്ച് നൽകും” തങ്കച്ചൻ പറഞ്ഞു.

ബംപർ ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിലാണ് തങ്കച്ചന്റെ കുടുംബവും. ഭാര്യ: അനിമോൾ. മക്കൾ: ടോണി. സ്റ്റെഫ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.