കൊച്ചി: നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. ആലപ്പുഴ സ്വദേശി നിദ ഫാത്തിമ (10)യാണ് മരിച്ചത്. ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ നിദയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.കേരളത്തിന്റെ അണ്ടര്‍ 14 ടീം അംഗമായിരുന്നു നിദ.
നിദയെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന സമയത്ത് ഗുരതരമായ ആരോഗ്യപ്രശ്നങ്ങള്‍ പ്രകടമായിരുന്നില്ലെന്നാണു പുറത്തുവരുന്ന വിവരം. മരണകാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. നിദയുടെ വീട്ടുകാര്‍ നാഗ്പുരിലേക്കു തിരിച്ചിട്ടുണ്ട്.
അതേസമയം മത്സരത്തില്‍ പങ്കെടുക്കാനായി നാഗ്പൂരിലെത്തിയ കേരളാ താരങ്ങള്‍ കടുത്ത അനീതിയാണ് നേരിടുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ടീമിനു താമസ, ഭക്ഷണ സൗകര്യങ്ങൾ ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്നാണ് ആക്ഷേപം. രണ്ടു ദിവസം മുന്‍പ് നാഗ്പൂരിലെത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണു കഴിഞ്ഞത്.