തിരുവനന്തപുരം: സംസ്ഥാനത്ത് ഭാരത് ധർമ ജന സേന(ബിഡിജെഎസ്) യ്ക്ക് കൂടുതൽ നല്ലത് ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന്നതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) ത്തിന്റെ ഭാഗമായ ബിഡിജെഎസിനോട് ബിജെപിക്ക് അതൃപ്തിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുമുന്നണിയോടും, മുഖ്യ ഭരണകക്ഷിയായ സിപിഎമ്മിനോടും ചേർന്ന് നിൽക്കാൻ ശ്രമിച്ചാണ് വെള്ളാപ്പള്ളി നടേശൻ പുതിയ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

“സംസ്ഥാനത്ത് ബിഡിജെഎസിന് യോജിച്ച് പ്രവർത്തിക്കാവുന്നത് ഇന്നത്തെ സാഹചര്യത്തിൽ ഇടതുമുന്നണിയോടാണ്. ഇടതുപക്ഷത്തെ മാറ്റിനിർത്തേണ്ട കാര്യമില്ല. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർന്ന് നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്” എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ദേശീയ ജനാധിപത്യ സഖ്യത്തിനകത്ത് ബിഡിജെഎസിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. “ദേശീയ ജനാധിപത്യ സഖ്യത്തിനകത്ത് ബിജെപിയ്ക്ക് ബിഡിജെഎസിനോട് അയിത്തമാണ്. ബിജെപി കേരള സംസ്ഥാന ഘടകം കെട്ടുറപ്പില്ലാതെയാണ് പ്രവർത്തിക്കുന്നത്. അതിനകത്ത് അധികാര വടംവലിയും ഗ്രൂപ്പിസവുമാണ്” അദ്ദേഹം കുറ്റപ്പെടുത്തി.മാതൃഭൂമി ന്യൂസിലെ പരിപാടിയിലാണ് വെളളാപ്പളളിയുടെ പ്രതികരണം.

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ നിശ്ചയിച്ചപ്പോൾ മുന്നണിക്കകത്ത് ചർച്ച ചെയ്തില്ലെന്നതാണ് ഇപ്പോൾ വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. നേരത്തേ തന്നെ ഇക്കാര്യത്തിൽ പരസ്യ വിമർശനം നടത്തിയിരുന്നെങ്കിലും ഇതിനെ ബിജെപി നേതാക്കളും ശക്തമായി വിമർശിച്ചു.

മലപ്പുറം ലോക്സഭ സീറ്റ് ബിജെപി യുടേതാണെന്നും അവിടെ സ്ഥാനാർത്ഥിയെ നിർത്തേണ്ടത് ബിജെപി യാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുന്നണിയിലില്ലാത്തവർ സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിലും മറ്റും അഭിപ്രായം പറയേണ്ടതില്ലെന്ന് ബിജെപി യുടെ സംസ്ഥാനത്തെ ഏക എംഎൽഎ ഒ.രാജഗോപാൽ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം ചേർന്ന് നിന്ന വെള്ളാപ്പള്ളി, ഹിന്ദു സമുദായങ്ങളെ അണിനിരത്തിയാണ് ബിഡിജെഎസ് സ്ഥാപിച്ചത്. കേരളത്തിലെ ഇടത്-വലത് മുന്നണികളെ ഈ സമയത്ത് വെള്ളാപ്പള്ളി കണക്കറ്റ് വിമർശിച്ചിരുന്നു.

തുടർന്ന് പരസ്യമായി സിപിഎം നേതാക്കൾ ഒന്നടങ്കം വെള്ളാപ്പള്ളിയ്ക്കെതിരെ രംഗത്ത് വന്നു. പിന്നീട് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ ബിഡിജെഎസിന് കേന്ദ്ര സർക്കാരിലോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലോ ഇടം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇതൊന്നും പക്ഷെ യാഥാർത്ഥ്യമായില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി വിമർശനങ്ങളുമായി ബിജെപി നേതൃത്വത്തെ തുടർച്ചയായി പ്രതിരോധത്തിലാക്കിയത്. മലപ്പുറം ഉപതിരഞ്ഞെടുപ്പിനെ തുടർന്നും ബിജെപി യെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളിയുടേത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ