സിപിഎം-ആര്‍എസ്എസ് അക്രമങ്ങളുടെ മുഖ്യ കാരണം രാഷ്ട്രീയമാണെങ്കില്‍ ഓരോ കൊലപാതകത്തിലും നീതിയിലേയ്ക്കുള്ള സഞ്ചാരത്തെയും അത് ബാധിക്കുന്നു. പൊലീസ് അന്വേഷണത്തിന്റെ മെല്ലെപ്പോക്കിലും വിചാരണ നടപടികളിലെ കാലതാമസത്തിലും ക്രമരഹിതമായ ഒരു ശ്രേണി രേഖപ്പെടുത്തിയിരിക്കുന്നതായി ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ അന്വേഷണത്തില്‍ കണ്ടെത്താനായി. എതിര്‍ഭാഗം ആവശ്യാനുസരണം സാക്ഷികളെ നല്‍കുന്നു, വിശ്വാസയോഗ്യരായ സാക്ഷികള്‍ ഭയം മൂലം ശത്രുപക്ഷത്തേയ്ക്ക് തിരിയുന്നു. പല കേസുകളിലും മുന്നോട്ട് വരാന്‍ പോലും സാക്ഷികള്‍ ധൈര്യപ്പെടുന്നില്ല.

ഫലം: രാഷ്ട്രീയ അക്രമങ്ങളുടെ കാര്യത്തില്‍ നിയമം മുന്നോട്ടു പോകുന്നില്ല.

പോലീസിന്റെയും കോടതിയുടെയും കണക്കുകള്‍ പ്രകാരം
കണ്ണൂരില്‍ 1995 മുതല്‍ ഇതുവരെ നടന്ന 92 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 49 എണ്ണം, അതായത് പകുതിയിലധികവും വിചാരണ ഘട്ടത്തില്‍ തന്നെ നിൽക്കുയാണ്.
ഒമ്പതെണ്ണത്തിൽ ഇപ്പോഴും അന്വേഷണം നടക്കുന്നത്.

16 കേസുകളില്‍ പ്രതികളെ വിട്ടയച്ചു. ഏഴു കേസുകളില്‍ 70 സിപിഎം പ്രവര്‍ത്തകരും എട്ടു കേസുകളില്‍ 40 ബിജെപി പ്രവര്‍ത്തകരും. മറ്റൊരു കേസില്‍ ഏഴ് മുസ്ലീം ലീഗ് പ്രവര്‍ത്തകരെയും വെറുതെ വിട്ടു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്ന 12 കേസുകളില്‍ ഒന്നു പോലും വിചാരണാ ഘട്ടത്തില്‍ എത്തിയില്ല. നാലെണ്ണത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് നടന്ന കൊലപാതകം ഉള്‍പ്പെടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ കഴിഞ്ഞ 20 വര്‍ഷത്തിനടുത്തായി ജില്ലാ കോടതിയിലാണ്.

Read More: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: സിപിഎമ്മിനും ആർ എസ് എസ്സിനും ഒരേ നിറം

1998 മെയ് 18ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഇപ്പോളും വിചാരണ തുടരുകയാണ്. ആറ് സിപിഎം പ്രവര്‍ത്തകരാണ് കുറ്റാരോപിതര്‍. മൂന്നു തവണയാണ് സെഷന്‍ കോടതി വിചാരണ മാറ്റി വച്ചത്. രണ്ടു തവണ പൊതു അവധി ആയതിനാലും, മറ്റൊരിക്കല്‍ മൂന്നുമാസം മുമ്പ് പുതിയ ജഡ്ജി ചാര്‍ജ് എടുത്തപ്പോഴും.

2004 ഏപ്രില്‍ ആറിന് സിപിഎം പ്രവര്‍ത്തകന്‍ കെ.പി രവീന്ദ്രന്‍ ജയിലിനകത്ത് സിപിഎമ്മും ആര്‍എസ്എസുകാരുമായ പ്രതികൾ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. 31 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. മൂന്നുവര്‍ഷം മുമ്പ് അവസാന വിചാരണയ്ക്ക് വച്ച കേസ് പിന്നീട് പല തവണ നീട്ടി വച്ചു. ആഗസ്റ്റ് 26നാണ് അടുത്ത വിചാരണ.

പല കേസുകളിലും, പ്രതികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടിക അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതാവ് കെ.കെ ബല്‍റാം പറയുന്നു. ‘അതിപ്പോള്‍ സിപിഎം ആകട്ടെ, ബിജെപി ആകട്ടെ. വിചാരണ വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുമ്പോള്‍ സാക്ഷ്യപത്രത്തിലും മാറ്റങ്ങള്‍ വരുന്നു’

സാക്ഷികളില്‍ പലരെയും രാഷ്ട്രീയ പാര്‍ട്ടികള്‍ കച്ചവടം ചെയ്യുന്നു.

പലപ്പോഴും അറസ്റ്റു ചെയ്യപ്പെടുന്ന ആള്‍ ആകില്ല യഥാര്‍ത്ഥ പ്രതിയെന്നാണ് സിപിഎമ്മിനു വേണ്ടി നിരവധി തവണ ഹാജരായ പി വിശ്വം പറയുന്നത്. ‘പരാതിക്കാരനായ വ്യക്തിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പ്രതികളുടെ പട്ടികയില്‍ തന്റെ രാഷ്ട്രീയ എതിരാളികളുടെ പേരു ചേര്‍ക്കും. ഇത്തരം കേസുകളില്‍ പ്രതിയാക്കപ്പെട്ടവരില്‍ കുറഞ്ഞത് 50 ശതമാനം പേരും നിരപരാധികളാണ്. ഒരുഘട്ടം കഴിഞ്ഞാല്‍, ഇരകളുടെ കുടുംബത്തിനും കേസ് നടത്താനുള്ള താത്പര്യം ഇല്ലാതാകും.’ അദ്ദേഹം പറയുന്നു.

Read More: കേരളത്തിലെ ‘ചെങ്കോട്ടയിൽ’ അരങ്ങേറുന്നത് ഹിന്ദുവോട്ടിനായുളള കരുനീക്കങ്ങൾ

2002 മെയ് 23ന് കീഴൂരില്‍, ബസ് ഡ്രൈവറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സി. ഉത്തമന്‍ കൊല്ലപ്പെട്ട കേസില്‍, ഇതുപോലെ 22 സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടിരുന്നു.

‘ഉത്തമന്‍ കൊല്ലപ്പെട്ടത് പിണറായിക്കടുത്തു വച്ചാണ്. പ്രതികളെ വെറുതേ വിട്ട പല കേസുകളില്‍ ഒന്നാണിത്.’ മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വി.ശശിധരന്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഉത്തമന്റെ മകന്‍ രെമിത്തും കൊല്ലപ്പെട്ടിരുന്നു. കൊലയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് പറയുന്നത്. കേസില്‍ ഇപ്പോളും അന്വേഷണം നടക്കുകയാണ്.

തന്റെ ഭര്‍ത്താവിന്റെ കൊലപാതക കേസില്‍ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടതു പോലെ മകന്റെ കേസിലും സംഭവിക്കുമോ എന്നു ഭയമുണ്ടെന്ന് ഉത്തമന്റെ ഭാര്യ നാരായണി പറയുന്നു.

എല്ലാ കൊലപാതകങ്ങള്‍ക്കു ശേഷവും പ്രധാനമായും ഇരുവശങ്ങളിലുമുള്ള ശക്തികേന്ദ്രങ്ങളില്‍, സത്യസന്ധമായി സാക്ഷി പറയാന്‍ ഒരാളും തയ്യാറാകില്ലെന്നാണ് ശശിധരന്‍ പറയുന്നത്. പി. ജയരാജനെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായിരുന്നു ശശിധരന്‍. ‘ശക്തരായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മൊഴി നല്‍കാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല. ഇത്, സാക്ഷികളെ നല്‍കാന്‍, നഷ്ടം സംഭവിച്ച പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കുന്നു. വിചാരണ നടക്കുമ്പോള്‍, കാലക്രമേണ ഒന്നുകില്‍ ഇവര്‍ കള്ള സാക്ഷികളാണെന്ന് തിരിച്ചറിയുകയോ അല്ലെങ്കില്‍ അവര്‍ തന്നെ കോടതിയില്‍ എത്താതിരിക്കുകയും ചെയ്യും. പിന്നീട് കുറ്റാരോപിതര്‍ മോചിപ്പിക്കപ്പെടും.’

മറുവശത്തു നിന്നുള്ള കാഴ്ചയും മറ്റൊന്നുമല്ല.

‘ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നുവെന്ന് എനിക്കു മേല്‍ ആരോപണമുന്നയിച്ചാല്‍, ഒരിക്കലും എന്റെ നിരപരാധിത്വം തെളിയിക്കാന്‍ എന്റെ പാര്‍ട്ടി നേരിട്ട് മുന്നോട്ടു വരില്ല. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉത്തരവാദിത്തമേറ്റെടുക്കും. പാര്‍ട്ടിക്കുവേണ്ടി അവരത് ചെയ്യും. പക്ഷെ ഇത് ക്രിമിനല്‍ അന്വേഷണത്തെ പരാജയപ്പെടുത്തുന്നു.’ കണ്ണൂരിലെ, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സിപിഎം എംഎല്‍എ പറയുന്നു.

‘കേസ് ബലഹീനമാണ്’ എന്ന് തിരിച്ചറിയുമ്പോള്‍ പോലും കുറ്റാരോപിതരെ മോചിപ്പിച്ചതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാനോ അതിനെ ചോദ്യം ചെയ്യാനോ ഇരകളുടെ കുടുംബങ്ങളോ പാര്‍ട്ടികളോ തയ്യാറാവുന്നില്ലെന്ന് ഇരു പാര്‍ട്ടികളും ചൂണ്ടിക്കാണിക്കുന്നു.

1998ല്‍ നടന്ന സുന്ദരന്‍ മാസ്റ്ററുടെ കൊലാപാതകത്തിന്റെയും തൊട്ടടുത്ത വര്‍ഷം നടന്ന മനോജിന്റെ കൊലാപതകത്തിന്റെയും കുഞ്ഞിക്കണ്ണന്റെ കൊലപാതകത്തിന്റെയും വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ സിപിഎമ്മിന്റെ വക്കീല്‍ നല്‍കി. ആദ്യത്തെ കേസില്‍ 13 ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു കുറ്റാരോപിതര്‍. മനോജിന്റെ കേസിലും ഒരുകൂട്ടം ബിജെപി പ്രവര്‍ത്തരായിരുന്നു. കുഞ്ഞിക്കണ്ണന്റെ കേസില്‍ എട്ടു ബിജെപി പ്രവര്‍ത്തകരും കുറ്റാരോപിതരായിരുന്നു.

‘2008ല്‍ തലശ്ശേരിയില്‍ കൊല്ലപ്പെട്ട സത്യന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കേസ് ഇതുപോലെയാണ്. 12 സിപിഎം പ്രവര്‍ത്തകരായിരുന്നു കുറ്റാരോപിതര്‍. സിപിഎം അധികാരത്തിലിരിക്കുമ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനെ സഹായിക്കുന്ന തരത്തിലുള്ള മൊഴികളോ മറ്റൊന്നും തന്നെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നില്ല.’ കണ്ണൂരിലെ മുതിർന്ന ബിജെപി നേതാവ് ആരോപിക്കുന്നു.

Read More: ചെത്തുതൊഴിലാളി, മിൽത്തൊഴിലാളി, ഡ്രൈവർ, ഇവരാണ് കേരളത്തിലെ രക്തസാക്ഷികൾ

കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ നിയമ വ്യവസ്ഥയുടെ മെല്ലെപ്പോക്കിനെയാണ് കുറ്റപ്പെടുത്തുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ, ഏകശേദം 200 കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും കണ്ണൂര്‍ ജില്ലാ സെഷന്‍ കോടതിയില്‍ വിചാരണാ ഘട്ടത്തിലാണെന്ന് ജില്ലയിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത്തരം കാലതാമസങ്ങള്‍ മൂലം സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതയും കൂടുതലാണ്. പിന്നീട് കുറ്റാരോപിതരെ മോചിപ്പിക്കും. സാക്ഷികള്‍ കൂറുമാറുന്നതില്‍ പണത്തിനും കായികബലത്തിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു.

‘കൂടാതെ ജില്ലാ സെഷന്‍ കോടതിക്കു നാലു അധിക ജഡ്ജിമാരുടെ അധികാരമുണ്ട്. പക്ഷെ നിലവില്‍ ഒന്നേയുള്ളൂ. കുറച്ചു കേസുകളില്‍ ജഡ്ജിമാരുടെ സ്ഥലംമാറ്റം മൂലം വിചാരണ വീണ്ടും ആരംഭിക്കേണ്ടതുണ്ട്. രണ്ടു വര്‍ഷം മുമ്പ് സാക്ഷികള്‍ നിലപാട് മാറിയ കേസുകള്‍ ഉണ്ട്. വാദം തുടരുകയാണ്.’ അദ്ദേഹം പറയുന്നു.

ഇദ്ദേഹം പറയുന്നതു പ്രകാരം കുറ്റാരോപിതരുടെ എണ്ണം കൂടിയ ഓരോ കേസുകളിലും അന്വേഷണവും പ്രോസിക്യൂഷനും തടസപ്പെടുന്നു. ‘ഭൂരിഭാഗം കേസുകളിലും അഞ്ചിനും 15നും ഇടയ്ക്കാണ് കുറ്റാരോപിതരുടെ എണ്ണം. 1995 മുതലുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ രേഖകള്‍ പരിശോധിക്കുമ്പോള്‍ ഒരു കേസില്‍ മാത്രമാണ് ഒരേ ഒരാള്‍ കുറ്റാരോപിതനായിരിക്കുന്നത്.’

ആര്‍എസ്എസ് പ്രവര്‍ത്തകനായ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ മാത്രമാണ് ഇതുവരെ ശിക്ഷ വിധിച്ചിട്ടുള്ളത്. ഈ കേസിൽ ഇപ്പോഴും അവ്യക്തമായ ചില വസ്തുതകൾ​ നിലനിൽക്കുന്നു.

ഈ കേസില്‍ 2003ലാണ് കണ്ണൂരിലെ കീഴ് കോടതി അഞ്ച് സിപിഎം പ്രവര്‍ത്തകരെ ശിക്ഷിച്ചത്. മൂന്നുവര്‍ഷത്തിനു ശേഷം സുപ്രീംകോടതി നാല് പ്രതികളെ മോചിപ്പിക്കുകയും, കേസിലെ പ്രധാന പ്രതി പ്രദീപന്‍ എ എന്നയാള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കുകയും ചെയ്തു.

എന്നാല്‍ പി ജയരാജനും ആര്‍എസ്എസ് നേതാവ് ശശിധരനും ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത് പ്രദീപന്‍ നിരപരാധിയാണെന്നു വിശ്വസിക്കുന്നുവെന്നാണ്.

2011ല്‍ ശിക്ഷാ കാലാവധി അവസാനിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങുകയും, നിലവില്‍ സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയുമായ പ്രദീപന്‍ പറയുന്നത് താന്‍ അനുഭവിക്കേണ്ട ശിക്ഷ അുഭവിച്ചു കഴിഞ്ഞെന്നും ഇനിയപ്പോള്‍ നിരപരാധിയാണെന്ന് വാദിച്ചിട്ട് എന്താണ് പ്രയോജനം എന്നുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ