scorecardresearch
Latest News

മീശ പിരിക്കാതെ ‘ചിരി’പ്പിച്ച് പൊലീസ്; ഇഷ്ടപ്പെട്ടെന്നു കുട്ടികള്‍

കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച പൊലീസിന്റെ ചിരി ഹെല്‍പ്‌ലൈനിലേക്ക് ഇതുവരെയെത്തിയത് 31,084 കോളുകള്‍

മീശ പിരിക്കാതെ ‘ചിരി’പ്പിച്ച് പൊലീസ്; ഇഷ്ടപ്പെട്ടെന്നു കുട്ടികള്‍
ഫൊട്ടോ: കേരള പൊലീസ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് ഇത്രയും മാനസിക സമ്മര്‍ദമോ? ഉണ്ടെങ്കില്‍ തന്നെ പൊലീസിനെന്താവും ചെയ്യാനാവുക? കുട്ടികളെ ചിരിപ്പിക്കാന്‍ പൊലീസിനു കഴിയുമോ? ഇത്തരം ഒരുപാട് ചോദ്യങ്ങളാണു കഴിഞ്ഞവര്‍ഷം ഹെല്‍പ്‌ലൈന്‍ ആരംഭിക്കുമ്പോള്‍ ഉയര്‍ന്നത്. എന്നാല്‍ ‘പൊലീസിന്റെ ചിരി’ ഒരുപാട് കുഞ്ഞുമനസുകളില്‍ സന്തോഷം പകര്‍ന്നുവെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പ്രയോജനപ്പെടുത്തിയതു 31,084 പേര്‍. കഴിഞ്ഞവര്‍ഷം ജൂലൈ 12 മുതല്‍ ഈ ജൂലൈ 28 വരെ വിളിച്ചവരുടെ എണ്ണമാണിത്.

20,081 പേര്‍ വിവരാന്വേഷണത്തിനും 11,003 പേര്‍ ആശ്വാസം തേടിയുമാണു വിളിച്ചത്. മലപ്പുറത്തുനിന്നാണ് ഏറ്റവും കൂടുതല്‍ കോളുകള്‍, 2817 എണ്ണം. ഇതില്‍ 1815 എണ്ണം വിവരാന്വേഷണത്തിനും 1005 എണ്ണം ആശ്വാസം തേടിയുള്ളതുമായിരുന്നു. കേരളത്തിനു പുറത്തുനിന്ന് 294 പേരും ചിരി ഹെല്‍പ്‌ലൈനിലേക്കു വിളിച്ചു.

കോവിഡ് സമയത്തെ ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്ററുമായി പങ്കുവച്ചത്.

മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്കു പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും. ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്കു ചിരി കോള്‍ സെന്ററില്‍നിന്ന് അടിയന്തിരമായി പരിചയസമ്പന്നരായ മന:ശാസ്ത്ര വിദഗ്ധരുടെ സേവനവും ലഭ്യമാക്കി.

‘ചിരി’യുടെ 9497 900 200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്കു കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും ബന്ധപ്പെടാം. മാനസികപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്കു ടെലിഫോണിലൂടെ കൗണ്‍സലിങ്ങം ലഭ്യമാക്കും.

മുതിര്‍ന്ന സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്നു തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ മുന്നൂറോാളം കുട്ടികളാണ് ചിരി പദ്ധതിയിലെ വൊളന്റിയര്‍മാര്‍. സേവനതല്‍പ്പരരും പരിചയസമ്പന്നരുമായ മാനസികാരോഗ്യവിദഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ധസമിതി ഇവര്‍ക്കു പദ്ധതിയുടെ ഭാഗമായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala polices chiri helpline gets public applause