പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അദ്ദേഹം മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടിക്കിടെയാണ് എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്നാവർ‌ത്തിച്ച് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിൽ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. അയ്യപ്പധർമ്മം കാക്കാൻ ബലിദാനിയാവുകയായിരുന്നു ശിവദാസെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

സംഭവത്തിന്‍റെ നിജസ്ഥിതി ഇതാണ് എന്ന് തുടങ്ങുന്ന പോസ്റ്റിൽ, വിഷയത്തിൽ നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

‘പത്തനംതിട്ട – നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ വ്യാജവാർത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്. മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്,’ പൊലീസ് വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.