തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഗുരുതരവും സംഘടിതവുമായ കുറ്റകൃത്യങ്ങളില്‍ ഇനിയും തെളിയിക്കപ്പെടാത്തതും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതുമായ കേസുകളില്‍ വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി. ഇതിനായി ഊര്‍ജ്ജിത നടപടികള്‍ ആവിഷ്കരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതും ഗുരുതര സ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങളില്‍ ബഹുഭൂരിപക്ഷവും തെളിയിക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും ശിക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്ത തന്നെ മികച്ച റെക്കോർഡാണ് കേരള പൊലീസിനുള്ളത്. ഇത്തരം നിരവധി കേസുകളില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ കുടുക്കാനും ഈയിടെയുണ്ടായ ചില കേസുകളില്‍ കേരളത്തിനു പുറത്തേയ്ക്കും വിദേശത്തേയ്ക്കും രക്ഷപ്പെട്ട പ്രതികളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിനു തെളിവാണ്.
എന്നാല്‍ വിവിധ കാരണങ്ങളാൽ തെളിയിക്കപ്പെടാത്തതും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതുമായ കുറച്ചു കേസുകള്‍ കൂടി വിവിധ ജില്ലകളിലുണ്ട്. ഇത്തരം കേസുകൾ പ്രത്യേകമായി പരിശോധിച്ച് പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കേസുകള്‍ സംബന്ധിച്ച ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നടപടി സ്വീകരിക്കണം. അവശ്യമെങ്കില്‍ ഇത്തരം കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കണം. ഓരോ റേഞ്ചിലുമുള്ള ഇത്തരം കേസുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും മേല്‍നോട്ടവും റേഞ്ച് ഐജിമാര്‍ നല്‍കണം. ഈ കേസുകളില്‍ സ്വീകരിക്കുന്ന നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ എല്ലാ ദിവസവും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
ഇങ്ങനെയുളള കേസുകളുടെ പുരോഗതി പരിശോധിക്കുന്നതിനും കേസുകളില്‍ ആവശ്യമായ ഏകോപനത്തിനും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സംവിധാനമൊരുക്കുമെന്നും ഡിജിപി ലോകനാഥ് ബെഹ്റ വ്യക്തമാക്കി.