ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തരങ്ങേറുന്ന പ്രശ്നങ്ങളിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നതിനെതിരെ പൊലീസിന്റെ മറുപടി. ട്രോൾ രൂപത്തിൽ തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കേരള പൊലീസ് സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്നും, എന്തൊക്കെ അപവാദം പറഞ്ഞാലും നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ ആവുന്നത് ചെയ്തിരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

നാടിന്റെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം പൊലീസിനോടൊപ്പം ജനങ്ങളുടെ കൂടെ ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ച പൊലീസ് ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ തിരിച്ചറിയണമെന്നും അവശ്യപ്പെട്ടു. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്നും പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

വ്യാജ വാർത്തകളും സ്പർദ്ധ വളർത്തുന്ന പോസ്റ്റുകളും ഷെയർ ചെയ്യാതിരിക്കാം എന്നും ഒർമ്മപ്പെടുത്തുന്നു. “നമ്മുടെ നാടിൻറെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം” എന്ന ആഹ്വാനത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook