കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവര്‍ത്തിച്ച് കന്യാസ്ത്രീ. രഹസ്യമൊഴിയിലാണ് കന്യാസ്ത്രീ തന്റെ പരാതിയില്‍ ഉറച്ചു നിന്നത്. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ രഹസ്യമൊഴി നല്‍കിയത്. ഏഴു മണിക്കൂറോളമാണ് രഹസ്യമൊഴിയെടുക്കല്‍ നീണ്ടത്. ജലന്ധർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീ പരാതി നല്‍കിയിരുന്നത്.

മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് മാത്രമേ അറസ്റ്റിലേക്ക് നീങ്ങുകയുളളു. കേരളത്തിലെത്തി അന്വേഷണ സംഘം മുമ്പാകെ ഹാജരാകാൻ ബിഷപ്പിനോട് ആവശ്യപ്പെടാനാണ് സാധ്യത. എന്നാൽ ജലന്ധറിലെത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

ഫ്രാങ്കോ മുളയ്ക്കൽ 2014 മേയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ മിഷണറീസ് ഒഫ് ജീസസ് മഠത്തിലെ ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ മദർ സുപ്പീരിയറായിരുന്ന കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചപ്പോൾ ളോഹ ഇസ്തിരിയിട്ട് കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും തിരികെ വന്നപ്പോൾ പീഡിപ്പിച്ചെന്നും പിന്നീട് 13 തവണ ഇവിടെവച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയതായുമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നൽകിയ പരാതിയിലുള്ളത്. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ നടന്ന മൊഴിയെടുപ്പിലും കന്യാസ്ത്രീ തന്റെ നിലപാട് ആവർത്തിച്ചിരുന്നു. 2014 മുതലുള്ള കാര്യങ്ങളെല്ലാം രഹസ്യമൊഴിയില്‍ വിവരിച്ചിട്ടുണ്ട്. ഇന്നലെ രണ്ടരയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ രാത്രി ഒന്‍പതര വരെ നീണ്ടു.

കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് സഹോദരി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ മൊഴികൂടി പൊലീസ് ശേഖരിക്കും. കൂടാതെ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുളള തെളിവുകളും കൈമാറും. ഇതിന് ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.