തിരുവനന്തപുരം: ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാനും തിരക്കു ക്രമീകരിക്കാനും പൊലീസ് കൂടുതല്‍ സൗകര്യമൊരുക്കി. ദേവസ്വം സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാത (സാധാരണ ക്യൂ) ബുക്കിങ് നവംബര്‍ എട്ടിന് ആരംഭിക്കും.

ക്യൂ ബുക്കിങ് സൗകര്യം തികച്ചും സൗജന്യമാണ്. 2011 മുതല്‍ നടപ്പിലാക്കി വരുന്ന വിര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ടാറ്റാ കസള്‍ട്ടന്‍സി സര്‍വീസ് കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു നവീകരിച്ച ഈ സംവിധാനം നടപ്പിലാക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പൊലീസും സംരംഭത്തില്‍ പങ്കാളികളാണ്.

ശബരിമല ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു www.sabarimalaonline.org എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവയും കെഎസ്ആര്‍ടിസിബസ് ടിക്കറ്റും ഈ സംവിധാനം വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം സമീപഭാവിയില്‍ ഏര്‍പ്പെടുത്തും.

മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന തരത്തിലാണു വിര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തിലെ ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ പരിമിത എണ്ണം കൂപ്പണുകള്‍ അനുവദിക്കും. മരക്കൂട്ടത്തുനിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന പരമ്പതാഗത പാതയിലൂടെയാണു സ്വാമി ക്യൂ ബുക്കിങ് എ വിഭാഗത്തില്‍ തീര്‍ഥാടനം ഒരുക്കിയിരിക്കുന്നത്.

തീര്‍ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. എല്ലാ തീര്‍ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലില്‍ നല്‍കിയ കലണ്ടറില്‍നിന്ന് ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കു ബുക്കിങ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികള്‍ക്കു ബുക്കിങ്ങിനു സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാം.

ബുക്കിങ് പ്രക്രിയ പൂര്‍ത്തിയാക്കിയശേഷം ദര്‍ശനസമയവും തീയതിയും തീര്‍ഥാടകന്റെ പേരും ഫോട്ടോയും മറ്റു വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍ക്യൂ/സ്വാമിക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കണം. വിര്‍ച്വല്‍ക്യൂ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശന കാര്‍ഡ് കൈപ്പറ്റണം. തീര്‍ഥാടകര്‍ ബുക്കിങ്ങിന് ഉപയോഗിച്ച ഫോട്ടോ ഐഡന്റി കാര്‍ഡ് കൗണ്ടറില്‍ കാണിക്കണം.

വിര്‍ച്വല്‍ ക്യൂ പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൃത്യസമയത്ത് പമ്പയിലെത്തിയാല്‍ മാത്രമേ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാകൂ. കൂടുതല്‍ വിവരങ്ങള്‍ www.sabarimalaonline.org എന്ന വെബ് പോര്‍ട്ടലില്‍നിന്നും 7025800100 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെയും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.