തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ച് പൊലീസ്. തോക്ക് ലൈസൻസുള്ളവർക്കും അതിനു അപേക്ഷ നൽകിയവർക്കുമാണ് പരിശീലനം നൽകുന്നത്. ഇത് സംബന്ധിച്ച് ഡിജിപി അനിൽ കാന്തിന്റെ ഉത്തരവ് ഇറങ്ങി.
ഫീസ് നൽകുന്നവർക്കാണ് പരിശീലനം. ആയിരം മുതൽ അയ്യായിരം രൂപ വരെയാണ് ഫീസ് ഈടാക്കുന്നത്. ആയുധങ്ങളെ കുറിച്ച് മനസിലാക്കാനും പരിചയപ്പെടാനും ആയിരം രൂപയാകും ഫീസ്. ഫയറിങ് പരിശീലനവും മറ്റും നടത്തുന്നതിനാണ് ഉയർന്ന ഫീസ്. പരിശീലനത്തിനായി പ്രത്യേക സിലബസും തയ്യാറാക്കിയിട്ടുണ്ട്.
നിലവിൽ കേരള പൊലീസിൽ ഉള്ളവർക്ക് മാത്രമാണ് ആയുധപരിശീലനം നൽകുന്നത്. എന്നാല്‍ സ്വയരക്ഷക്കായി ലൈസന്‍സെടുത്ത് തോക്ക് വാങ്ങുന്ന പലര്‍ക്കും അത് ഉപയോഗിക്കുന്നത് പഠിക്കാൻ ആവശ്യമായ സംവിധാനങ്ങളില്ല. ഈ സാഹചര്യത്തിൽ ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരള പൊലീസ് ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കുന്നത്.
പൊലീസിന്റെ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ്, തോക്ക് ലൈസന്‍സ്, ആധാര്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി അപേക്ഷ നൽകുന്നവർക്ക് മാത്രമാണ് പരിശീലനം ലഭിക്കുക എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.