തിരുവനന്തപുരം: കരമനയിൽ മിൻവിൽപനക്കാരിയുടെ മീൻകുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ. പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഇന്ന് രാവിലെ 11.30 മുതൽ സെക്രട്ടറിയേറ്റിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
മീൻ കച്ചവടം പൊലീസ് തടസ്സപ്പെടുത്തിയെന്നും തർക്കത്തിനിടയിൽ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് പരാതി. കരമനപ്പാലത്തിന്റെ നടപ്പാതയിൽ മീൻ വിൽപന നടത്തിയിരുന്ന വലിയതുറ സ്വദേശി മരിയാ പുഷ്പമാണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. എന്നാൽ മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് കരമന പൊലീസിന്റെ വിശദീകരണം.
രാവിലെ മുതൽ വൈകുന്നേരം വരെ വിൽപന നടത്തുന്ന ആളാണ് മരിയ. ഇന്നലെ വൈകിട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായെന്നും മീൻ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതിയിൽ പറയുന്നത്. സംഭവത്തിനു ശേഷം ഇവരുടെ നാട്ടുകാരെത്തുകയും പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഇത് പ്രദേശത്ത് ഗതാഗത തടസത്തിനു ഇടയാക്കിയിരുന്നു. തുടർന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ സംഭവ സ്ഥലത്തെത്തുകയും മരിയയോട് സംസാരിക്കുകയും പിന്നീട് വനിതാ പൊലീസ് എത്തി അവരെ അവിടെ നിന്ന് നീക്കുകയുമാണ് ചെയ്തത്.
അതേസമയം, പരാതിയിന്മേൽ അന്വേഷണം നടത്താൻ ജില്ലാ ലേബർ ഓഫീസർക്ക് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
അടുത്തിടെ തിരവനന്തപുരം ആറ്റിങ്ങലിലും സമാന സംഭവം ഉണ്ടായിരുന്നു. അന്നും പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. അതിനു പിന്നാലെയാണ് കരമനയിലെ സംഭവവും.