തിരുവനന്തപുരം: മോമോ ഗെയിമിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പൊലീസ്. ഗെയിമുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ആരും പേടിക്കേണ്ടതില്ലെന്നും കേരളത്തില്‍ മോമോയുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കേരളാ പൊലീസ് അറിയിച്ചു. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു അറിയിപ്പ്.

‘മോമോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസുപ്പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പ്പെട്ടാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍സെല്ലിനേയോ, കേരള പൊലീസ് സൈബര്‍ഡോമിനെയോ അറിയിക്കുക;’ പൊലീസ് അറിയിച്ചു.

എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധര്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളില്‍ നിന്നും മൊമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജപ്രചരണങ്ങള്‍ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ബ്ലൂവെയില്‍ പോലെ കളിക്കുന്നവരെ മരണത്തിലേക്ക് നയിക്കുന്നതാണ് മോമോ ഗെയിമും. വാട്‌സ്ആപ്പ് വഴിയാണ് ഗെയിം. അജ്ഞാത നമ്പറില്‍ നിന്നുമെത്തുന്ന മെസേജില്‍ നിന്നുമാണ് മോമോ ഗെയിം തുടങ്ങുന്നത്. പിന്നീട് സ്വയം മുറിപ്പെടുത്താന്‍ മുതല്‍ ആത്മഹത്യ ചെയ്യാന്‍ വരെ ഗെയിമില്‍ ആവശ്യപ്പെടും. ലോകത്ത് ഈ ഗെയിം ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.