/indian-express-malayalam/media/media_files/uploads/2023/10/5-13.jpg)
ഫോട്ടോ: ഫേസ്ബുക്ക് / കേരള പൊലീസ്
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ പൊലിസ് നടപടിയെടുത്തു തുടങ്ങി. സംസ്ഥാനത്താകെ പത്തോളം കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ മാത്രം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിദ്വേഷ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പരിശോധനയില്‍ നൂറോളം പോസ്റ്റുകള്‍ സൈബര്‍ പൊലിസ് കണ്ടെത്തി. ഫേസ്ബുക്ക്, എക്സ് എന്നിവയിലാണ് ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷം പോസ്റ്റുകളും നീക്കം ചെയ്തതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.
ഞായറാഴ്ച രാവിലെ 9.38ഓടെ ആയിരുന്നു കളമശേരിയിലെ സാംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പൊലിസ് ഇത്തരം പ്രചാരണങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പൊലിസ് നിരീക്ഷണം തുടരുകയാണ്.
അതിനിടെ, കളമശേരി സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെയും പൊലിസില്‍ പരാതി. ബിജെപി നേതാക്കളായ കെ എസ് രാധാകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവർക്കെതിരെയാണ് പരാതി. കളമശ്ശേരി പൊലിസിലാണ് പരാതി ലഭിച്ചിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.