ആലുവ: നടിയെ ആക്രിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൾസർ സുനിയേയും വിജീഷിനേയും കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി നാളെ പരിഗണിക്കും.
കോടതി അവധിയായതിനാൽ പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. പൾസർ സുനിക്കൊപ്പം ഇന്നലെ അറസ്റ്റിലായ കൂട്ടാളി വിജീഷിനെയും പൊലീസ് ഹാജരാക്കിയിരുന്നു. ഇന്നലെ മൂന്ന് മണിക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാളെ കേസിലെ 6 പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം. കേസിൽ നേരത്തെ അറസ്റ്റിലായ 4 പ്രതികൾ കാക്കനാട് ജില്ലാ ജയിലിലാണുള്ളത് .
നടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന പൾസർ സുനിയുടെ മൊബൈൽ ഫോൺ കണ്ടെത്താനാകും പൊലീസിന്റെ പ്രധാന നീക്കം. ഇതിലെ ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ കർശന നിർദ്ദേശമാണ് ഡിജിപി നൽകിയിരിക്കുന്നത്.