‘തനിച്ചായാൽ ഭയക്കേണ്ട ‘എന്ന പരസ്യ വാചകവുമായി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായുള്ള പിങ്ക് പട്രോളിങ്ങിന്റെ പരസ്യ വിഡിയോ പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്രതാരം മഞ്ജുവാര്യരാണ് പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രണ്ടു മിനിറ്റ് പതിനൊന്ന് സെക്കൻഡാണ് പരസ്യ വിഡിയോയുടെ ദൈർഘ്യം.

രാത്രികാലങ്ങളില്‍ ഒറ്റപ്പെട്ടു പോയാലോ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വന്നാലോ ഭയക്കരുത് എന്ന് തുടങ്ങുന്ന വിഡിയോ ഹെല്‍പ് ലൈന്‍ നമ്പറായ 1515 നെ കുറിച്ചും പറയുന്നുണ്ട്. അപകട ഘട്ടങ്ങളിൽ പൊലീസ് സഹായം അതിവേഗം ലഭിക്കാൻ കേരള പൊലീസ് അവതരിപ്പിച്ച പദ്ധതിയാണ് പിങ്ക് പെട്രോളിങ്. കേരളത്തിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലാണ് പിങ്ക് പെട്രോളിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

സമീപ കാലത്ത് കേരളത്തിൽ ഉണ്ടായ സ്ത്രീകൾക്ക് എതിരായ അക്രമണങ്ങളിൽ പിങ്ക് പൊലീസിന്റെ കാര്യക്ഷമതയ്ക്ക് എതിരെ ചോദ്യങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരസ്യ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീ വിഷയങ്ങളിൽ ശ്രദ്ധേയമായ നിലപാടുകൾ സ്വീകരിച്ച നടി മഞ്ജു വാര്യരെത്തന്നെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിച്ചതും നിർണായക തീരുമാനമായി.

പിങ്ക് പെട്രോളിങ്ങിനെപ്പറ്റി ഇതുവരെയും അറിയാത്തവരിലേക്ക് ഈ വിവരം എത്തിക്കാൻ പരസ്യത്തിന് കഴിയുമെന്നാണ് കേരള പൊലീസിന്റെ വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ