കോട്ടയം: പരാതി കൈപ്പറ്റിയിട്ടും നിയമപാലകരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല എന്നായിരുന്നു ദലിത് ക്രൈസ്‌തവനായ കെവിന്റെ കൊലപാതകത്തിനെ തുടര്‍ന്ന് ഉയര്‍ന്ന പ്രധാന പരാതികളിലൊന്ന്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് അഭ്യന്തരവകുപ്പ് മുഖം രക്ഷിച്ചു. കെവിന്‍ സംഭവം കഴിഞ്ഞ് രണ്ടാഴ്‌ച തികയും മുൻപേയാണ് മറ്റൊരു കേസില്‍ കോട്ടയം ജില്ലയിലെ ചിങ്ങവനം പൊലീസിന്റെ അനാസ്ഥയെ കുറിച്ചുള്ള പരാതികളും ഉയരുന്നത്.
ജൂണ്‍ ഒമ്പതിന് ശനിയാഴ്‌ചയാണ് ദലിത് ആക്‌ടിവിസ്റ്റ് ഷിബി പീറ്ററിന്റെ രോഗിയായ പിതാവിനെ മൂന്നുപേര്‍ അടങ്ങുന്ന സംഘം വീട്ടില്‍ കയറി കൈയ്യേറ്റം ചെയ്തത്. സിപിഎം നാട്ടകം ലോക്കല്‍ സെക്രട്ടറിയാണ് താന്‍ എന്ന വെല്ലുവിളിയോടെയായിരുന്നു ആക്രമണം. കൈയ്യേറ്റത്തെ തുടര്‍ന്ന് പീറ്ററിന് (68) ഹൃദയാഘാതം സംഭവിക്കുകയും ചികിത്സയ്ക്കായ് ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോടെ മാത്രമാണ് അദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റിയത്.
അന്നേദിവസം രാത്രി തന്നെ ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് പീറ്ററിന്റെ കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് വ്യക്തമാക്കി. വൃദ്ധരായ ദമ്പതികള്‍ മാത്രമിരിക്കെ മൂന്ന് പേരടങ്ങുന്ന സംഘം വീട്ടില്‍ കയറി വരികയും ഭീഷണിപ്പെടുത്തുകയും പിന്നീട് കൈയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
“രാത്രി ഒമ്പത് മണിക്കാണ് കേസ് കൊടുത്തത്. സാങ്കേതികമായ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആദ്യം കേസെടുക്കാന്‍ അവര്‍ തയ്യാറായില്ല. പിറ്റേ ദിവസം രാവിലെ ഒമ്പത് മണിക്കാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. പരാതി കൈപറ്റിയത് സംബന്ധിച്ച രസീതും നല്‍കിയിട്ടുണ്ട്. ” ഷിബി പീറ്റര്‍ പറഞ്ഞു.

അക്രമിക്കപ്പെട്ട പീറ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയാണ് എന്നും പൊലീസിനെ അറിയിച്ചിരുന്നു. “പരാതിപ്പെട്ടിട്ട് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു അന്വേഷണം ഉണ്ടായിട്ടില്ല.” ഷിബി പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.
സിഎസ്ഐ സഭയില്‍ ഉപദേശിയായിരുന്ന പീറ്റര്‍ സഭയില്‍ ദലിത് ക്രൈസ്‌തവരുടെ പ്രതിനിധാനവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിശ്വാസ വിമോചന പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ദലിത് ക്രൈസ്‌തവ വിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യോ ഇക്കണോമിക് ഡവലപ്മെന്‍റ് സര്‍വ്വീസ് എന്ന സംഘടനയുടെ ഡയറക്‌ടര്‍ കൂടിയാണ് അദ്ദേഹം. ഈ സംഘടനയുടെ ആസ്ഥാനം കൂടിയാണ് ചിങ്ങവനത്തെ വീട്.
സിപിഎം നാട്ടകം ലോക്കല്‍ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ അക്രമിയുടെ പേര് സുരേഷ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപിഎം പ്രാദേശിക നേതൃത്വം സംഭവത്തെ അപലപിച്ചുകൊണ്ട് പീറ്ററിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
“കെവിനുമായി ബന്ധപ്പെട്ട് ഞാനെഴുതിയ ചില ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലര്‍ അക്രമിയെ വൈകാരികമായി മുതലെടുക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അതില്‍ പാര്‍ട്ടിക്കാര്‍ പലരും ഖേദം പ്രകടിപ്പിക്കുകയും അയാള്‍ക്കെതിരെ പാര്‍ട്ടി തല അന്വേഷണത്തിനും നടപടിക്കും ശുപാര്‍ശ ചെയ്‌തിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.” ഷിബി പീറ്റര്‍ പറഞ്ഞു.
ദലിത് ക്രൈസ്‌തവനായ കെവിന്റെ ദുരഭിമാന കൊലയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി ആരോപിച്ചു കൊണ്ട് ഷിബിന്‍ ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു. ഈ പോസ്റ്റിനെ പിന്‍പറ്റി സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഷിബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
“സ്വാഭാവികമായും ലഭിക്കേണ്ടതായ മനുഷ്യാവകാശത്തെ നിഷേധിക്കുകയാണ് പൊലീസ്. കെവിന്റെ സംഭവം കഴിഞ്ഞ് രണ്ടാഴ്‌ചയായില്ല. ഇത്രയും ഗൗരവമായ സംഭവത്തിലും ഇതുവരെയും പൊലീസിന്റെ അന്വേഷണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഹൃദയാഘാതം സംഭവിച്ചയാള്‍ക്ക് മറ്റെന്തെങ്കിലും സംഭവിച്ചിരുന്നു എങ്കില്‍ ആരാണ് ഉത്തരം പറയുക ? ” ഷിബി പീറ്റര്‍ ആരാഞ്ഞു.
സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയുണ്ടായി. തിങ്കളാഴ്‌ച വൈകീട്ട് 3:40 വരേയ്ക്കും അങ്ങനെയൊരു കേസ് റജിസ്റ്റര്‍ ചെയ്‌തിട്ടില്ല എന്നാണ് ചിങ്ങവനം പൊലീസ് അറിയിച്ചത്.
തന്റെ ഭർത്താവ് കെവിൻ പി.ജോസഫിനെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് ഭാര്യ നീനു ചാക്കോ കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അവഗണിച്ചിരുന്നു. കോട്ടയത്ത് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയുണ്ടെന്നും അതു കഴിഞ്ഞ് അന്വേഷിക്കാമെന്നായിരുന്നു എസ്ഐ എം.എസ്.ഷിബു പറഞ്ഞത്. നവരനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത ചാനലുകൾ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് അനാസ്ഥയില്‍ കെവിന്‍ കൊല്ലപ്പെട്ട സംഭവം രണ്ടാഴ്‌ച പിന്നിടുമ്പോഴാണ് ചിങ്ങവനത്തെ സംഭവം.