തലശേരി: പാളം തെറ്റിയുള്ള അപകടങ്ങൾ ഇന്ത്യൻ റെയിൽവേയിൽ ഇപ്പോൾ അപൂർവമല്ല. നിരന്തരം ഇത്തരം അപകടങ്ങൾ സംഭവിക്കുന്നു. ചെറിയ സുരക്ഷാ വീഴ്ചകൾ പോലും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അത്തരമൊരു അപകടത്തിൽ നിന്നാണ് എറണാകുളത്തേക്കുള്ള മംഗള എക്സ്‌പ്രസ് ഇന്നലെ രക്ഷപ്പെട്ടത്.

ധർമ്മടം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ വി.കെ.പ്രകാശന്റെ സമയോചിത ഇടപെടലാണ് തീവണ്ടിയെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്. രാവിലെ 11.10 ന് തലശേരി വിട്ട തീവണ്ടിയിൽ എസ് 3 കോച്ചിലായിരുന്നു ഇദ്ദേഹം.

ട്രെയിൻ പുറപ്പെട്ടപ്പോൾ തന്നെ എന്തോ കരിഞ്ഞുമണക്കുന്നതായി സംശയം തോന്നിയ പ്രകാശൻ തീവണ്ടി അടുത്ത സ്റ്റേഷൻ എത്തുന്നത് വരെ കാത്തിരുന്നു. എന്നാൽ ഈ സമയത്ത് സഹയാത്രക്കാർക്ക് ആർക്കും ഇത്തരമൊരു സംശയം ഉണ്ടായിരുന്നില്ല.

തീവണ്ടി വടകരയിലെത്തിയപ്പോൾ വണ്ടിയിൽ നിന്നിറങ്ങിയ ഇദ്ദേഹം തീവണ്ടിയുടെ അടിഭാഗത്ത് പരിശോധന നടത്തി. ഈ സമയത്താണ് എസ് 2 കോച്ചിന്റെ അടിഭാഗത്ത് കറുത്ത പുക കട്ടിയായി ഉയരുന്നത് കണ്ടത്.

ഇക്കാര്യം ഉടൻ തന്നെ ലോക്കോ പൈലറ്റിനെ പ്രകാശൻ അറിയിച്ചു. ലോക്കോ പൈലറ്റ് പരിശോധിച്ച ശേഷം സ്റ്റേഷൻ മാസ്റ്ററെയും അറിയിച്ചു. എസ് 2 കോച്ചിന്റെ എയർ ബ്രേക്കിങ് സിസ്റ്റത്തിലുണ്ടായിരുന്ന തകരാറാണ് പുക ഉയരാൻ കാരണമെന്ന് പിന്നീട് മനസിലായി. തീവണ്ടി പാളം തെറ്റാൻ അടക്കം കാരണമായേക്കാവുന്ന തകരാർ പിന്നീട് 15 മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ പരിഹരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ