scorecardresearch
Latest News

‘വണ്ടിക്ക് അകത്ത് എന്താണ് നടക്കുന്നത്, പേര് പള്‍സര്‍ എന്ന് മാറ്റണോ?; അങ്കമാലി ഡയറീസ് താരങ്ങള്‍ക്കെതിരെ പൊലീസിന്റെ സദാചാര ഗുണ്ടായിസം

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും, നടീനടന്മാരും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനത്തിനു മുമ്പില്‍ പൊലീസ് വാഹനം വട്ടംവെച്ച് നിര്‍ത്തി നടിമാര്‍ അടക്കമുള്ളവരെ പുറത്തേക്ക് പിടിച്ചിറക്കി മോശമായി പെരുമാറിയെന്നും ലിജോ

‘വണ്ടിക്ക് അകത്ത് എന്താണ് നടക്കുന്നത്, പേര് പള്‍സര്‍ എന്ന് മാറ്റണോ?; അങ്കമാലി ഡയറീസ് താരങ്ങള്‍ക്കെതിരെ പൊലീസിന്റെ സദാചാര ഗുണ്ടായിസം

കൊച്ചി: അങ്കമാലി ഡയറീസ് ചിത്രത്തിലെ താരങ്ങളെ മൂവാറ്റുപുഴയില്‍ നിയമപാലകര്‍ തന്നെ സദാചാരപൊലീസ് ചമഞ്ഞ് അപമാനിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിന്റെ പ്രചരണത്തിന് മൂവാറ്റുപുഴയിലെത്തിയ താരങ്ങള്‍ക്കാണ് പൊലീസിന്റെ അതിക്രമം നേരിടേണ്ടി വന്നതെന്ന് ലിജോ ഫെയ്സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും, നടീനടന്മാരും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനത്തിനു മുമ്പില്‍ പൊലീസ് വാഹനം വട്ടംവെച്ച് നിര്‍ത്തി നടിമാര്‍ അടക്കമുള്ളവരെ പുറത്തേക്ക് പിടിച്ചിറക്കി മോശമായി പെരുമാറിയെന്നും ലിജോ പറയുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് അതിക്രമത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ ഓടിക്കൊണ്ടിരിക്കുന്ന തിയറ്ററിന് പുറത്ത് പോസ്റ്ററുകളില്‍ നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയുന്ന താരങ്ങളെ തടഞ്ഞു നിര്‍ത്തി വണ്ടിക്ക് അകത്ത് എന്താണ് ചെയ്യുന്നതെന്ന് വളരെ മോശമായി ചോദിച്ചു. പേര് മാറ്റി പള്‍സര്‍ എന്നോ മറ്റോ ആക്കണോയെന്നും പൊലീസുകാര്‍ ചോദിക്കുമ്പോള്‍ എത്തരത്തിലാണ് ഇത് നോക്കിക്കാണേണ്ടതെന്നും ലിജോ ചോദിക്കുന്നു.

സംരക്ഷണം ഒരുക്കേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ നമ്മുടെ നാട്ടില്‍ ക്രമസമാധാനപാലനം എങ്ങനെ നടക്കുമെന്ന് മനസ്സിലാകുന്നില്ല. ഇത് വളരെ മോശമായിപ്പോയി. ദിനംപ്രതിയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala police land in yet another moral policing row against angamali diaries crew