കല്‍പ്പറ്റ: മാവോയിസ്റ്റ് രക്തത്താല്‍ മറ്റൊരു നവംബര്‍ കൂടി ചുവക്കുമ്പോള്‍, ഈ സര്‍ക്കാരിന്റെ കാലത്ത് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് എട്ടു പേര്‍. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2016 നവംബറിലായിരുന്നു രണ്ടുപേര്‍ കൊല്ലപ്പെട്ട ആദ്യ ‘ഏറ്റുമുട്ടല്‍’. ഒടുവില്‍ ഈ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു തൊട്ടുമുന്‍പ് മറ്റൊരു നവംബറില്‍ ഒരു മാവോയിസ്റ്റ് കൂടി തണ്ടര്‍ബോള്‍ട്ട് സേനയുടെ തോക്കിനിരയായി.
2016 നവംബര്‍ 24-നായിരുന്നു മലപ്പുറം നിലമ്പൂരിലെ കരുളായി വനത്തില്‍ രണ്ടുപേരെ
തണ്ടര്‍ ബോള്‍ട്ട് വെടിവച്ചുവീഴ്ത്തിയത്. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ്, അജിത എന്നിവരാണു കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളാണ് ഇരുവരും.
കുപ്പുദേവരാജിന്റെ ശരീരത്തില്‍നിന്ന് ഏഴും അജിതയുടെ ശരീരത്തില്‍നിന്ന് 19 വെടിയുണ്ടകളാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെടുത്തത്. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നുള്ള വെടിയേറ്റ് ഇരുവരുടെയും ആന്തരികാവയവങ്ങള്‍ തകര്‍ന്നതായാണ് ഫൊറന്‍സിക് ഫലം വ്യക്തമാക്കിയത്. കുപ്പുദേവരാജിനു പിന്നില്‍നിന്നാണ് കൂടുതല്‍ വെടിയേറ്റത്. ഇരുവരും കടുത്ത ശാരീരികപ്രശ്‌നങ്ങളാല്‍ വിശ്രമത്തിലായിരുന്നുവെന്നും പൊലീസിനുനേരെ വെടിയുതിര്‍ത്തിട്ടില്ലെന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു.
Also Read: വൈത്തിരി ഏറ്റുമുട്ടൽ വ്യാജം?; ജലീൽ വെടിവച്ചിട്ടില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്
രണ്ടേകാല്‍ വര്‍ഷത്തിനുശേഷം 2019 മാര്‍ച്ച് ആറിനാണ് രണ്ടാമത്തെ മാവോയിസ്റ്റ് വേട്ട നടന്നത്. വയനാട് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍വച്ച് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സിപി ജലീലാണു കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ടിനെ കണ്ടപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ത്തുവെന്നും തിരിച്ചടിയിലാണു ജലീല്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ജലീല്‍ കൊല്ലപ്പെട്ട ഇടത്തുനിന്നു കണ്ടെത്തിയ തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന ഫൊറന്‍സിക് പരിശോധനാ ഫലം അടുത്തിടെ പുറത്തുവന്നിരുന്നു.
ജലീലിനു തലയ്ക്കു പിന്നില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി വെടിയേറ്റിരുന്നു. റിസോര്‍ട്ടിനു സമീപത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് റിസോര്‍ട്ടിലേക്കു വരുമ്പോള്‍ ജലീല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതേസമയം, സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നാണു ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 28ന്, പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയിലാണ് നാലു മാവോയിസ്റ്റുകള്‍കൊല്ലപ്പെട്ട മൂന്നാമത്തെ വെടിവയ്പ് നടന്നത്. ശ്രീമതി, സുരേഷ്, കാര്‍ത്തി, മണിവാസകം എന്നിവരാണു തണ്ടര്‍ബോള്‍ട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്ന പതിവ് പ്രസ്താവനയാണ് ഇത്തവണയും പൊലീസ് നടത്തിയത്. എന്നാല്‍, ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായ സിപിഐ സ്വീകരിച്ചത്. കൊല്ലപ്പെട്ടവര്‍ കീഴടങ്ങാന്‍ തയാറായിരുന്നുവെന്നും ഇതിനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തിയിരുന്നു.
Also Read: മീൻമുട്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടത് തമിഴ്നാട് തേനി സ്വദേശി
ഏറ്റവും ഒടുവില്‍ വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍, മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണു പൊലീസ് പറയുന്നത്. മാവോയിസ്റ്റുകള്‍ എസ്ഐക്കും തണ്ടര്‍ബോള്‍ട്ടിനുമെതിരെ വെടിവച്ചതോടെ തിരിച്ചടിക്കുകയായിരുന്നുവെന്ന് വയനാട് എസ്പി ജി പൂങ്കുഴലി പറഞ്ഞു.
മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍നിന്ന് 800 മീറ്റര്‍ അകലെ ബപ്പന്‍മലയില്‍, അംബേദ്കര്‍ ആദിവാസി കോളനിക്കു സമീപത്താണ് വെടിവയ്പ് നടന്നതെന്നാണു പ്രദേശവാസികളില്‍നിന്നു ലഭിക്കുന്ന വിവരം. സംഭവത്തിൽ തമിഴ്‌നാട് തേനി സ്വദേശി വേൽമുരുകൻ (32) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഒന്‍പതോടെ വനത്തിന്റെ ഭാഗത്തുനിന്ന് രണ്ടുതവണ വന്‍ശബ്ദം കേട്ടതായി പ്രദേശവാസികളിലൊരാള്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”ഒറ്റ വെടിയുടെ ശബ്ദമല്ല കേട്ടത്. അല്‍പ്പനേരം തുടര്‍ച്ചയായി നീണ്ടുനിന്ന ചെറിയ ഇടിമുഴക്കം പോലുള്ള ശബ്ദമാണ് കേട്ടത്.ആദ്യത്തെ ശബ്ദം കേട്ട് അഞ്ചു മിനിറ്റിനുശേഷമാണ് രണ്ടാമത്തെ ശബ്ദം കേട്ടത്. അതും കുറച്ചുനേരം നീണ്ടതായിരുന്നു. കോണ്‍ക്രീറ്റ് മിക്സിങ്ങിന് ഉപയോഗിക്കുന്ന ടിന്‍ ഷീറ്റ് നിലത്ത് വീഴുമ്പോഴുണ്ടാകുന്നതു പോലെയുള്ള ശബ്ദമായാണ് തോന്നിയത്. വെടിവയ്പാണെന്ന് ടിവി വാര്‍ത്തയില്‍നിന്നാണ് അറിഞ്ഞത്,’ പരിസരവാസികളിലൊരാള്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇന്‍ക്വസ്റ്റ് നടക്കുന്നതായാണു വിവരം.

പുല്‍മേടുകളും പാറക്കെട്ടുകളും നിക്ഷിപ്ത വനവും ഉള്‍പ്പെടുന്ന, കുത്തനെ സ്ഥിതിചെയ്യുന്ന മേഖലയാണ് ബാണാസുര മല. ഇവിടെനിന്ന് മൂന്നു കിലോമീറ്ററോളം അകലെയാണു കോഴിക്കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന നിബിഡ വനം. വയനാട് ജില്ലയിലെ പ്രധാനസ്ഥലങ്ങളായ കല്‍പ്പറ്റയിലേക്കും മാനന്തവാടിയിലേക്കും മീന്‍മുട്ടിയില്‍നിന്ന് 25 കിലോമീറ്ററോളം ദൂരമുണ്ട്.
40 കുടുംബങ്ങൾ താമസിക്കുന്ന അംബേദ്കര്‍ കോളനിക്കു സമീപം വരെ പടിഞ്ഞാറത്തറയില്‍നിന്നു റോഡ് സൗകര്യമുണ്ട്. ഇവിടെനിന്നു വെടിവയ്പ് നടന്ന സ്ഥലത്തേക്കു നടന്നുപോകാന്‍ കഴിയുമെങ്കിലും പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അടുപ്പിക്കുന്നില്ല. ബപ്പന്‍മലയിലും മീന്‍മുട്ടി തോടിന്റെ മറുഭാഗത്തുള്ള കാപ്പിക്കളത്തുമായാണു പൊലീസും മറ്റു ഉദ്യോഗസ്ഥരും തമ്പടിച്ചിരിക്കുന്നത്. മാവോയിസ്റ്റ് സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കുറച്ചുപേര്‍ ചിതറി ഓടിയതായി പൊലീസ് പറയുന്നു.
Also Read: മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണം വേണമെന്ന് ഹൈക്കോടതി
അംബേംദ്കര്‍ കോളനിയില്‍ നേരത്തെ രണ്ടു തവണ മാവോയിസ്റ്റ് സംഘം എത്തിയിരുന്നതായി പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് അവസാനമായി വന്നത്. ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. അതിനുമുന്‍പ് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരുടെ സംഘമാണ് എത്തിയത്. കോളനിയില്‍ രണ്ടു മണിക്കൂറോളം തങ്ങിയ സംഘങ്ങൾ ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുമാണു മടങ്ങിയത്. പ്രദേശവാസികളോട് നല്ല സ്‌നേഹത്തോടെയാണു ഇവർ പെരുമാറിയിരുന്നതെന്നും പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു പ്രദേശവാസി പറഞ്ഞു.