scorecardresearch

അസ്വാഭാവികമരണങ്ങളിൽ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് പൊലീസ് മേധാവി

അസ്വാഭാവികമരണങ്ങളില്‍ നാല് മണിക്കൂറിനകം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റണമെന്നു മാർഗനിർദേശത്തിൽ പറയുന്നു

അസ്വാഭാവികമരണങ്ങളിൽ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് പൊലീസ് മേധാവി
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അസ്വാഭാവികമരണങ്ങളുണ്ടായാല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്റ്റ് നടത്തുന്നതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

രാത്രികാലത്ത് ഫലപ്രദമായി ഇന്‍ക്വസ്റ്റ് നടത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. അസ്വാഭാവികമരണങ്ങളില്‍ നാല് മണിക്കൂറിനകം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റണം. പ്രത്യേക സാഹചര്യങ്ങളില്‍ ഏറെ സമയമെടുത്ത് ഇന്‍ക്വസ്റ്റ് ആവശ്യമായി വരുന്നപക്ഷം അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇന്‍ക്വസ്റ്റ് നടത്തുന്നതിലും പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുന്നതിലും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാന്‍ പാടില്ല.

ഇന്‍ക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയില്‍ എത്തിക്കുന്നതിനുളള സംവിധാനം, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ഇക്കാര്യം കൃത്യമായി നടപ്പാക്കുന്നത് ജില്ലാ പൊലീസ് മേധാവിമാര്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Also Read: തുടരന്വേഷണ സമയപരിധി നീട്ടരുതെന്ന് ദിലീപ്; ക്രൈം ബ്രാഞ്ച് ഹര്‍ജി വിധി പറയാന്‍ മാറ്റി

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും രാത്രികാലത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി, വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് മേധാവിയുടെ ഉത്തരവ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala police issues guidelines to conduct inquest on unnatural deaths at night